Published: Tuesday, 16 June 2026, at 2:49 pm| Dubai | Edited: Tuesday, 16 June 2026, at 2:57 pm
യുഎഇയിലെ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ ലേബർ ലോ. മാറിയ നിയമങ്ങളും അവ നൽകുന്ന സുരക്ഷയും കൃത്യമായി മനസ്സിലാക്കുന്നത് നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും (UAE Labor Law Explained for Employees).
- യുഎഇ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരം: പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ ജോലി മാറാം
- തൊഴിലുടമയ്ക്ക് പാസ്പോർട്ട് വാങ്ങിവെയ്ക്കാൻ അധികാരമുണ്ടോ? എന്താണ് യുഎഇയിലെ നിയമം? അറിയാം…
- യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എങ്ങനെ പുതുക്കാം? പിഴ ഒഴിവാക്കാൻ അറിയേണ്ടതെല്ലാം (A Complete Guide)
യുഎഇയിലെ പ്രധാന തൊഴിലാളി നിയമങ്ങൾ

തൊഴിലാളികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കുമായി യുഎഇയിൽ ഒട്ടനവധി ശക്തമായ നിയമങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില നിയമങ്ങൾ നമുക്കൊന്ന് പരിശോധിക്കാം…
- നിശ്ചിതകാല കരാറുകൾ : യുഎഇയിൽ പഴയ ‘അൺലിമിറ്റഡ്’ കരാറുകൾ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്. ഇപ്പോൾ പരമാവധി 3 വർഷം വരെയുള്ള ‘ഫിക്സഡ് ടേം’ കരാറുകൾ മാത്രമാണുള്ളത്. ഇത് പരസ്പര സമ്മതത്തോടെ പുതുക്കാവുന്നതാണ്.
- വേതന സംരക്ഷണ സംവിധാനം: എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴിയോ മന്ത്രാലയം അംഗീകരിച്ച എക്സ്ചേഞ്ചുകൾ വഴിയോ മാത്രമേ നൽകാവൂ. ശമ്പളം വൈകിയാൽ കമ്പനികൾക്കെതിരെ സിസ്റ്റം വഴി ഓട്ടോമാറ്റിക് ആയി നടപടികൾ വരും.
- പ്രൊബേഷൻ കാലയളവ് : പ്രൊബേഷൻ പരമാവധി 6 മാസം മാത്രമായിരിക്കും. ഈ കാലയളവിൽ ജോലി അവസാനിപ്പിക്കണമെങ്കിൽ തൊഴിലുടമയോ തൊഴിലാളിയോ 14 ദിവസം മുമ്പ് രേഖാമൂലം നോട്ടീസ് നൽകണം (മറ്റൊരു കമ്പനിയിലേക്ക് മാറാനാണെങ്കിൽ 30 ദിവസത്തെ നോട്ടീസ് ആവശ്യമാണ്).
- വിവേചനത്തിനെതിരെയുള്ള സംരക്ഷണം: മതം, ജാതി, ലിംഗഭേദം, ദേശീയത എന്നിവയുടെ പേരിൽ ജോലിസ്ഥലത്ത് വിവേചനം കാണിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്.
ജോലിയിലെ സമയക്രമവും ഓവർടൈമും (working hours and overtime in UAE)

തൊഴിൽ നിയമപ്രകാരം സാധാരണ ജോലി സമയം ഒരു ദിവസം 8 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ആണ്. അതിനാൽ ഇതിൽ കൂടുതലായി ചെയുന്ന ജോലി ഓവർ ടൈം ജോലിയായി കണക്കാക്കപ്പെടും. ഇതിനും യുഎഇയിൽ നിയമങ്ങളുണ്ട്.
- ഓവർടൈം കണക്കാക്കൽ: ദിവസം 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ അടിസ്ഥാന ശമ്പളത്തിന്റെ 125% നിരക്കിൽ ഓവർടൈം ലഭിക്കാൻ അർഹതയുണ്ട്. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയത്താണ് ഓവർടൈം എങ്കിൽ ഇത് 150% ആയി ഉയരും.
- വിശ്രമവേളകൾ: തുടർച്ചയായി 5 മണിക്കൂറിൽ കൂടുതൽ വിശ്രമമില്ലാതെ ജോലി ചെയ്യിക്കാൻ പാടില്ല.
- റമദാൻ മാസത്തെ ഇളവ്: റമദാൻ മാസത്തിൽ എല്ലാ ജീവനക്കാരുടെയും ജോലി സമയം പ്രതിദിനം 2 മണിക്കൂർ വീതം കുറയ്ക്കേണ്ടതുണ്ട്.
അവധിക്കാല ആനുകൂല്യങ്ങളും മറ്റ് ലീവുകളും
യുഎഇ അവധികൾക്കും ചില നിയമങ്ങളുണ്ട്. ഒരു വർഷത്തെ സേവനം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ട്. മറ്റു ആനുകൂല്യങ്ങൾ പരിശോധിക്കാം..
- പ്രസവാവധി : വനിതാ ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധി ലഭിക്കും. ഇതിൽ 45 ദിവസം പൂർണ്ണ ശമ്പളത്തോടും ബാക്കി 15 ദിവസം പകുതി ശമ്പളത്തോടും കൂടിയായിരിക്കും.
- രോഗാവധി : പ്രൊബേഷൻ കാലയളവിന് ശേഷം, ഒരു വർഷത്തിൽ പരമാവധി 90 ദിവസത്തെ സിക്കിലീവ് എടുക്കാം (ആദ്യത്തെ 15 ദിവസം പൂർണ്ണ ശമ്പളം, അടുത്ത 30 ദിവസം പകുതി ശമ്പളം, ബാക്കി ദിവസങ്ങൾ ശമ്പളമില്ലാതെ).
നിയമങ്ങളുടെ ആനുകൂല്യം ലഭിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
ഈ നിയമങ്ങളെല്ലാം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഒരു തൊഴിലാളി എന്ന നിലയിൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
- MOHRE കരാർ കൈവശം വെക്കുക: ജോലിയിൽ പ്രവേശിക്കുമ്പോൾ Ministry of Human Resources and Emiratisation (MOHRE) അംഗീകരിച്ച ഔദ്യോഗിക തൊഴിൽ കരാർ ഒപ്പിടുകയും അതിന്റെ ഒരു കോപ്പി നിങ്ങളുടെ കൈവശം സൂക്ഷിക്കുകയും ചെയ്യുക. വാക്കാലുള്ള കരാറുകൾക്ക് നിയമസാധുതയില്ല.
- നിബന്ധനകളും അനുബന്ധകാര്യങ്ങളും വായിക്കുക: ഒപ്പിടുന്നതിന് മുൻപ് ശമ്പളം, ബേസിക് സാലറി എത്ര, അലവൻസുകൾ എന്തൊക്കെ, നോട്ടീസ് പിരീഡ് എത്ര തുടങ്ങിയ കാര്യങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക.
- രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുക: നിങ്ങളുടെ ഓഫർ ലെറ്റർ, കരാറുകൾ, ശമ്പളം ലഭിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക. തർക്കങ്ങൾ ഉണ്ടായാൽ ഇവ തെളിവായി ഉപയോഗിക്കാം.
ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് എങ്ങനെ?

ഒരു വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് നിങ്ങളുടെ അടിസ്ഥാന ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കിയാണ്, മൊത്തം ശമ്പളത്തെ ആശ്രയിച്ചല്ല.
- ആദ്യത്തെ 5 വർഷത്തെ സേവനത്തിന്: ഓരോ വർഷത്തിനും 21 ദിവസത്തെ അടിസ്ഥാന ശമ്പളം വീതം.
- 5 വർഷത്തിന് ശേഷമുള്ള ഓരോ വർഷത്തിനും: 30 ദിവസത്തെ അടിസ്ഥാന ശമ്പളം വീതം.
നിയമലംഘനം കണ്ടാൽ എന്താണ് ചെയ്യേണ്ടത്? (MOHRE labor complaint UAE)
നിങ്ങളുടെ ശമ്പളം കൃത്യമായി ലഭിക്കാതിരിക്കുകയോ, വിസ ക്യാൻസൽ ചെയ്യാൻ കമ്പനി വിസമ്മതിക്കുകയോ, മറ്റേതെങ്കിലും രീതിയിലുള്ള ചൂഷണങ്ങൾ നേരിടുകയോ ചെയ്താൽ ഭയപ്പെടാതെ പരാതിപ്പെടാം. പരാതി നൽകുന്ന ജീവനക്കാരെ പ്രതികാരബുദ്ധിയോടെ പിരിച്ചുവിടുന്നതും യുഎഇ നിയമപ്രകാരം തെറ്റാണ്.
- MOHRE ഹെൽപ്പ്ലൈൻ: നിങ്ങൾക്ക് 80060 എന്ന നമ്പറിൽ ടോൾ ഫ്രീ ആയി വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.
- മൊബൈൽ ആപ്പ്/വെബ്സൈറ്റ്: MOHRE സ്മാർട്ട് ആപ്പ് വഴിയോ, mohre.gov.ae എന്ന വെബ്സൈറ്റ് വഴിയോ ഓൺലൈനായി ലേബർ കംപ്ലയിന്റ് ഫയൽ ചെയ്യാം.
- സൗഹൃദപരമായ പരിഹാരം: പരാതി ലഭിച്ചാൽ മന്ത്രാലയം ആദ്യം 14 ദിവസത്തിനകം ഇരുപക്ഷത്തെയും വിളിച്ച് സൗഹൃദപരമായി പ്രശ്നം തീർക്കാൻ ശ്രമിക്കും. അത് സാധ്യമായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യും (1,00,000 ദിർഹത്തിന് താഴെയുള്ള ക്ലെയിമുകൾക്ക് ലേബർ കോടതിയിൽ വക്കീലിന്റെ സഹായമില്ലാതെ തന്നെ ജീവനക്കാർക്ക് നേരിട്ട് കേസ് നടത്താം).
NOTE : യുഎഇ നിയമപ്രകാരം എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ കടുത്ത വെയിലത്ത് നേരിട്ട് ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമം നൽകേണ്ടത് തൊഴിലുടമയുടെ നിർബന്ധിത കടമയാണ്.
ALSO READ:
- 2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം…
- പുതിയ വർക്ക് പെർമിറ്റുമായി യുഎഇ: തൊഴിൽ മേഘലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിച്ഛ് പ്രവാസികൾ
- യുഎഇയിൽ എങ്ങനെ ജോലി കണ്ടെത്താം?: ജോലിക്കായി ചെയ്യേണ്ട കാര്യങ്ങളും ശ്രദ്ധിക്കേണ്ട നിയമങ്ങളും ഇതാ…
FAQs
- കമ്പനിക്ക് ജീവനക്കാരുടെ പാസ്പോർട്ട് നിയമപരമായി കൈവശം വെക്കാൻ അനുവാദമുണ്ടോ?
- ഇല്ല, തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്പോർട്ട് വാങ്ങിവെക്കുന്നത് യുഎഇ നിയമപ്രകാരം പൂർണ്ണമായും നിയമവിരുദ്ധമാണ്.
- പ്രൊബേഷൻ കാലയളവിൽ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടോ?
- ഇല്ല, യുഎഇ നിയമപ്രകാരം ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സേവനം നിർബന്ധമാണ്.
English Summary: This comprehensive UAE Labor Law Explained for Employees guide outlines critical workspace protections for expats. It covers updated fixed term employment contracts, Wage Protection System benefits, legal working hours, gratuity calculations, leave entitlements, and official channels to report labor violations or dispute settlements.

