Published: Thursday, 7 May 2026, at 6:58 pm| Dubai | Edited: Thursday, 7 May 2026, at 7:58 pm
അബുദാബി: യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധിക്ക് വഴിയൊരുങ്ങുന്നു (Eid Al Adha holidays). ഈ വർഷത്തെ ഏറ്റവും വലിയ പൊതു അവധിക്ക് ബലിപെരുന്നാൾ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓരോ വർഷവും ലഭിക്കുന്ന അവധികളിൽ വച്ച് ഏറ്റവും കൂടുതൽ ദിവസങ്ങൾ ഒരുമിച്ച് ലഭിച്ചേക്കാം എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം മെയ് ഇരുപത്തിയേഴിനായിരിക്കും ബലിപെരുന്നാൾ . അങ്ങനെയെങ്കിൽ ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ അറഫാ ദിനം മെയ് 26-ന് വരാനാണ് സാധ്യത. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെങ്കിലും നിലവിലെ ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം മെയ് അവസാന വാരം രാജ്യം ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ALSO READ: ബലിപെരുന്നാൾ മേയ് 27ന്?: ദുബായിൽ ബലിമൃഗങ്ങളുടെ നിരക്ക് പ്രഖ്യാപിച്ചു
ആറ് ദിവസത്തെ പൊതു അവധി
പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ വലിയ രീതിയിലുള്ള അവധി ദിനങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . മെയ് 26-ന് അറഫാ ദിനത്തിൽ തുടങ്ങുന്ന അവധി, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ പെരുന്നാൾ അവധിയോടൊപ്പം ചേരും. ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ അവധി ലഭിച്ചേക്കും.

- മെയ് 26: അറഫാ ദിനം (അവധിയുടെ തുടക്കം)
- മെയ് 27 മുതൽ 29 വരെ: ബലിപെരുന്നാൾ അവധി
- മെയ് 30, 31: ശനി, ഞായർ വാരാന്ത്യ അവധി
ഇത്തരത്തിൽ, ആറ് ദിവസത്തെ അവധി മിക്കവർക്കും ലഭിക്കും. എന്നാൽ ഇതിനിടയിൽ മെയ് 25-ന് കൂടി സ്വന്തം വാർഷിക അവധിയിൽ നിന്ന് അവധി എടുക്കാൻ സാധിക്കുന്നവർക്ക് മെയ് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ വലിയൊരു അവധി ലഭിക്കും.
വിദ്യാഭ്യാസ മേഖലയിലെ ഇരട്ടി മധുരം

സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇത്തവണ പെരുന്നാൾ അവധി വലിയൊരു ആഘോഷമായി മാറും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ അനുസരിച്ച് മൂന്നാം അധ്യയന പാദത്തിലെ ഇടവേള ഇത്തവണ പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും.
രണ്ട് വശങ്ങളിലുമുള്ള ആഴ്ചാവസാന അവധികൾ കൂടി ഇതിനോട് ചേരുമ്പോൾ തുടർച്ചയായി ഒൻപത് ദിവസത്തെ അവധിയാണ് സ്കൂളുകൾക്ക് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പ്ലാൻ ചെയ്തവർക്ക് സ്കൂൾ അവധി കൂടി ഇതോടൊപ്പം ലഭിക്കുന്നത് വലിയ സൗകര്യമാവും.
ഹജ് കർമ്മങ്ങളും ആഘോഷങ്ങളും

ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹജ്ജിലെ ഹജ് കർമങ്ങൾ മെയ് 25ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സമാപ്തി കുറിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് കർമ്മങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംഗമമായ അറഫാ ദിനം പൂർത്തിയാകുന്നതോടെ വിശ്വാസികൾ പെരുന്നാൾ തിരക്കുകളിലേക്ക് മാറും.
യുഎഇയിലെ ഭരണാധികാരികൾ ചന്ദ്രദർശന സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഔദ്യോഗിക അവധി പ്രഖ്യാപിക്കും.രാജ്യത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാർത്ഥനകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
പെരുന്നാൾ പ്രഖ്യാപനം വരുന്നതോടെ യുഎഇയിലെ വ്യാപാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
ALSO READ: യുഎഇയിൽ കടുത്ത ചൂട് വരുന്നു: താപനില 45 ഡിഗ്രി കടക്കാൻ സാധ്യത
ഗ്ലോബൽ വില്ലേജ് സാധാരണ നിലയിൽ പ്രവർത്തിക്കും: 99 ദിർഹത്തിന് പരിധിയില്ലാത്ത വിനോദങ്ങളുമായി പുതിയ പാസ്
English Summary: UAE residents are set to enjoy a massive break as Eid Al Adha holidays 2026 are expected to begin on May 27. With Arafah Day on May 26, combined with the weekend, a 6 day holiday is likely, while schools will enjoy a 9 day midterm break.


Can someone recommend reducing the flight fare also?