Published: Monday, 4 May 2026, at 7:41 pm| Dubai | Edited: Monday, 4 May 2026, at 8:41 pm
പാലാ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ചോദ്യചിഹ്നമായി മാറുന്നത് കേരളാ കോൺഗ്രസ് (എം) എന്ന പാർട്ടിയുടെ നിലനിൽപ്പാണ് (Kerala Congress M Future). മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടതോടെ ജോസ് കെ മാണിയും സംഘവും രാഷ്ട്രീയമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ നേട്ടത്തിന് നട്ടെല്ലായ ജോസ് കെ മാണിയും സംഘവും ഇത്തവണ ശക്തി കേന്ദ്രങ്ങളിൽ പോലും തകർന്നടിഞ്ഞു. കേരളാ കോൺഗ്രസ് എം ചെയർമാനും പാലായിലെ സ്ഥാനാർഥിയുമായ ജോസ് കെ മാണിയുടെ പരാജയം പാർട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. രണ്ടാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ്റെ പരാജയവും പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.മുതിർന്ന നേതാവ് എൻ ജയരാജിൻ്റെ കാഞ്ഞിരപ്പള്ളിയിലെ തോൽവിയും പാർട്ടിയെ ഞെട്ടിച്ചു.
ALSO READ: ഉരുക്കുകോട്ടയിൽ വിള്ളൽ; അപ്രതീക്ഷിത സ്ഥാനാർത്ഥിയിലൂടെ ചരിത്രം തിരുത്തി യുഡിഎഫ്
പിണറായിയെ വിറപ്പിച്ച പോരാളി: ആരാണ് അബ്ദുൽ റഷീദ്?
കേരളാ കോൺഗ്രസിന്റെ ഭാവി ഇനിയെന്ത്?

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ് കനത്ത തിരിച്ചടിയുടെ ഭയത്തിൽ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കാറാമെന്ന നിലപാട് കേരളാ കോൺഗ്രസ് എമ്മിൽ ശക്തമായിരുന്നു. ഈ നീക്കത്തോട് ജോസ് കെ മാണി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ, റോഷി അഗസ്റ്റിൻ്റെ ഇടപെടൽ എൽഡിഎഫ് വിടാനുള്ള നീക്കത്തിന് തടസ്സമായി. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം ഇതുവരെ കാണാത്ത വമ്പൻ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജോസ് കെ മാണിയും സംഘവും യുഡിഎഫിലേക്ക് മടങ്ങിപ്പോകുമോ എന്ന കാര്യം വീണ്ടും ചർച്ചയാകും.
യുഡിഎഫിലേക്ക് മടങ്ങിപ്പോകുക എന്നതല്ലാതെ മറ്റൊരു വഴി പാർട്ടിയുടെ മുന്നിലില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ യുഡിഎഫിന് ഇനി കേരളാ കോൺഗ്രസ് എമ്മിന്റെ സഹായം ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
മുന്നണിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ, അധികപ്പറ്റായി ഒരു പാർട്ടിയെ കൂടി കൂടെക്കൂട്ടാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കില്ല. പണ്ട് മുന്നണി വിട്ടുപോയ ജോസ് കെ മാണിയോട് പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കുള്ള അമർഷം ഇന്നും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ യുഡിഎഫിലേക്ക് തിരികെ പോയാലും പഴയ പരിഗണനയോ അധികാരമോ ജോസ് കെ മാണിക്ക് ലഭിക്കാൻ സാധ്യതയില്ല.
ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പി.ജെ. ജോസഫ്

ഈ പ്രതിസന്ധിക്കിടയിൽ കേരളാ കോൺഗ്രസ് എമ്മിന് മുന്നിൽ ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ് കേരളാ കോൺഗ്രസ് ചെയർമാനും മുതിർന്ന നേതാവുമായ പി.ജെ. ജോസഫ്. ഇനി കേരളത്തിൽ ഒരൊറ്റ കേരളാ കോൺഗ്രസ് മാത്രമേ പാടുള്ളൂവെന്നും പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുമാണ് ജോസഫിന്റെ ആഹ്വാനം. ജോസ് കെ മാണി ഉൾപ്പെടെയുള്ള ആർക്കും തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് മടങ്ങിവരാമെന്ന് അദ്ദേഹം വ്യക്തമാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ജോസഫിന്റെ ഈ നിലപാട് കേരളാ കോൺഗ്രസ് എമ്മിന് യുഡിഎഫിലേക്ക് മടങ്ങാനുള്ള ഒരു പഴുത് നൽകുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ല. കേരളാ കോൺഗ്രസിൽ ലയിച്ചുകൊണ്ട് യുഡിഎഫിന്റെ ഭാഗമാകുക എന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ വ്യക്തിത്വത്തിന് വലിയ തിരിച്ചടിയാകും. എങ്കിലും പാർട്ടി അണികളെ കൂടെ നിർത്താൻ ലയനം അല്ലാതെ മറ്റ് വഴികൾ നേതൃത്വത്തിന് മുന്നിലില്ല.
തിരിച്ചുവരവ് പ്രയാസകരം

യുഡിഎഫിലേക്ക് മടങ്ങിയാലും പഴയ സ്വീകാര്യത ലഭിക്കുമോ എന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് തന്നെ സംശയമുണ്ട്. സീറ്റ് വിഭജനത്തിലും അധികാര കൈമാറ്റത്തിലും ജോസ് വിഭാഗത്തിന് കടുത്ത വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. നൂറ് സീറ്റുകൾ നേടി കരുത്തുറ്റ നിലയിൽ നിൽക്കുന്ന യുഡിഎഫ് നേതൃത്വം ജോസ് കെ മാണിയുടെ ഉപാധികൾക്ക് വഴങ്ങാൻ സാധ്യത കുറവാണ്.
ചുരുക്കത്തിൽ, ഇടതും വലതും ഇല്ലാത്ത അവസ്ഥയിലേക്ക് കേരളാ കോൺഗ്രസ് (എം) കൂപ്പുകുത്തിയിരിക്കുകയാണ്. പി.ജെ. ജോസഫിന്റെ ക്ഷണം സ്വീകരിച്ച് ലയനത്തിന് തയ്യാറാകുമോ അതോ ഇടതുമുന്നണിയിൽ തന്നെ തുടർന്ന് ശക്തി വീണ്ടെടുക്കാൻ ശ്രമിക്കുമോ എന്നതാണ് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടത്. പരാജയപ്പെട്ട നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഈ അനിശ്ചിതത്വം വലിയ നിരാശയാണ് പടർത്തുന്നത്. വരും മാസങ്ങളിൽ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ കൂടുമാറ്റങ്ങൾക്കും ലയനങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്; ഗൾഫ് മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
English Summary: The Kerala Congress M Future is under intense scrutiny as the party struggles after a total loss in the 2026 elections. P.J. Joseph’s call for unity offers a potential route back to the UDF, but with the alliance winning over 100 seats, a welcome for Jose K. Mani is far from guaranteed.


അങ്ങോട്ടും ചാടി ഇങ്ങോട്ടും ചാടി ആകെ ഒരു വഴിക്കായി. ആകെ പ്രതീക്ഷയുണ്ടായിരുന്നു മമ്മൂട്ടി റോഷി അഗസ്റ്റിനിലായിരുന്നു, അതും സ്വാഹാ. കാദറിട്ടു തേരാപ്പാരാ നടക്കണ നേതാക്കന്മാരെ വീട്, പാവം അണികളുടെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ.
take it easy my dear Ellam. Sariavum.