Published: Monday, 15 June 2026, at 12:01 pm| Dubai | Edited: Monday, 15 June 2026, at 12:07 pm
ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിയുടെയും ഏറ്റവും വലിയ സ്വപ്നമാണ് ഒരു റെസിഡൻസി വിസ സ്വന്തമാക്കുക എന്നത്. എന്നാൽ ഇതെങ്ങനെ സ്വന്തമാക്കാം? അതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ്? നമുക്കൊന്ന് പരിശോധിച്ചാലോ (UAE Residency Visa Guide 2026)…
ALSO READ:
- യുഎഇയിൽ ഏതൊക്കെ തരം വിസകളാണുള്ളത്? ഓരോന്നിന്റെയും പ്രത്യേകതകളെന്ത്? അറിയാം…
- യുഎഇ വിസിറ്റിങ് വിസ: എങ്ങനെ അപേക്ഷിക്കാം? രേഖകൾ, യോഗ്യതകൾ, പിഴകൾ എല്ലാം അറിയാം
- UAE New Visa Rules 2026: യുഎഇയിൽ പുതിയ വിസ പരിഷ്കാരം; സന്ദർശകർക്ക് ഇനി 60 ദിവസം താമസിക്കാം!
എന്താണ് യുഎഇ റെസിഡൻസി വിസ?

ഒരു വിദേശ പൗരന് യുഎഇയിൽ ദീർഘകാലം താമസിക്കുന്നതിനായി സർക്കാർ നൽകുന്ന ഔദ്യോഗിക അനുമതി പത്രമാണ് യുഎഇ റെസിഡൻസി വിസ (UAE Residency Visa).
സാധാരണ ടൂറിസ്റ്റ് വിസകളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനോ സ്വന്തമായി ബിസിനസ്സ് നടത്താനോ ഉള്ള നിയമപരമായ അവകാശം ഇത് വഴി ലഭിക്കുന്നു.
സാധാരണയായി രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം അല്ലെങ്കിൽ പത്ത് വർഷം വരെയുള്ള കാലാവധികളിലാണ് റെസിഡൻസി വിസകൾ അനുവദിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് നിബന്ധനകൾക്ക് വിധേയമായി ഇത് പുതുക്കാവുന്നതുമാണ്.
റെസിഡൻസി വിസയുടെ പ്രധാന പ്രത്യേകതകൾ (UAE residency visa benefits)

യുഎഇ റെസിഡൻസി വിസ ലഭിക്കുന്നതിലൂടെ ഒരു പ്രവാസിക്ക് നിരവധി സവിശേഷമായ ആനുകൂല്യങ്ങളാണ് രാജ്യത്ത് ലഭ്യമാകുന്നത്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം..
- താമസിക്കാനും യാത്ര ചെയ്യാനുമുള്ള അവകാശം: വിസ കാലാവധിയുള്ളിടത്തോളം കാലം യുഎഇയിൽ നിയമപരമായി താമസിക്കാനും വിമാനത്താവളങ്ങൾ വഴി എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തുപോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
- ബാങ്കിംഗ് സേവനങ്ങൾ: യുഎഇയിലെ പ്രമുഖ ബാങ്കുകളിൽ പേഴ്സണൽ അക്കൗണ്ടുകൾ ആരംഭിക്കാനും ക്രെഡിറ്റ് കാർഡുകൾ, പേഴ്സണൽ ലോണുകൾ, കാർ ലോണുകൾ എന്നിവ നേടാനും ഇത് വഴി സാധിക്കും.
- കുടുംബത്തെ കൊണ്ടുവരാം: റെസിഡൻസി വിസയുള്ള ഒരാൾക്ക് നിശ്ചിത ശമ്പള പരിധിയുണ്ടെങ്കിൽ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് സ്പോൺസർ വിസയെടുത്ത് യുഎഇയിൽ ഒപ്പം താമസിപ്പിക്കാം.
- എമിറേറ്റ്‌സ് ഐഡി : യുഎഇയിലെ എല്ലാ സർക്കാർ-സ്വകാര്യ ആവശ്യങ്ങൾക്കുമുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നത് റെസിഡൻസി വിസയുള്ളവർക്കാണ്.
- മറ്റ് സൗകര്യങ്ങൾ: സ്വന്തം പേരിൽ വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാടകയ്ക്കെടുക്കാനും യുഎഇ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനും കുട്ടികളെ സ്കൂളുകളിൽ ചേർക്കാനുമെല്ലാം ഈ വിസ അനിവാര്യമാണ്.
റെസിഡൻസി വിസ എങ്ങനെ ലഭിക്കും?
വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ ഒരാൾക്ക് യുഎഇയിൽ റെസിഡൻസി വിസ സ്വന്തമാക്കാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
- തൊഴിൽ വിസ: യുഎഇയിലെ ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കുമ്പോൾ ആ കമ്പനി സ്പോൺസർ ചെയ്ത് നൽകുന്ന വിസയാണിത്.
- നിക്ഷേപക വിസ: യുഎഇയിൽ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയോ നിലവിലുള്ള കമ്പനികളിൽ നിക്ഷേപം നടത്തുകയോ ചെയ്യുന്നവർക്ക് ലഭിക്കുന്ന വിസ.
- പ്രോപ്പർട്ടി വിസ : യുഎഇയിൽ നിശ്ചിത തുകയ്ക്ക് മുകളിൽ മൂല്യമുള്ള റസിഡൻഷ്യൽ പ്രോപ്പർട്ടികൾ (വീട് അല്ലെങ്കിൽ ഫ്ലാറ്റ്) സ്വന്തമായി വാങ്ങുന്നവർക്ക് ലഭിക്കുന്ന വിസയാണിത്.
വിസ ലഭിക്കാൻ ആവശ്യമായ പ്രധാന കാര്യങ്ങൾ

യുഎഇ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകളും യോഗ്യതകളും ഉറപ്പുവരുത്തണം. എന്തൊക്കെയാണെന്ന് പരിശോധിക്കാം
- കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള സാധുവായ പാസ്‌പോർട്ട്.
- വെളുത്ത ബാക്ക്ഗ്രൗണ്ടിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
- കമ്പനി നൽകുന്ന ഒപ്പിട്ട തൊഴിൽ കരാർ അല്ലെങ്കിൽ ബിസിനസ്സ് രേഖകൾ.
- സ്വന്തം നാട്ടിൽ നിന്നും കൃത്യമായി അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ.
- കുടുംബത്തെ സ്പോൺസർ ചെയ്യുകയാണെങ്കിൽ അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റും മക്കളുടെ ജനന സർട്ടിഫിക്കറ്റും.
റെസിഡൻസി വിസ ലഭിക്കുന്നതിനുള്ള ഘട്ടങ്ങൾ
യുഎഇയിൽ റെസിഡൻസി വിസ പൂർണ്ണമായി ലഭിക്കുന്നതിന് പ്രധാനമായും നാല് ഘട്ടങ്ങളാണുള്ളത്
- 1: എൻട്രി പെർമിറ്റ് : ആദ്യമായി നിങ്ങൾ യുഎഇക്ക് പുറത്താണെങ്കിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി കമ്പനിയോ സ്പോൺസറോ ഒരു എൻട്രി പെർമിറ്റ് എടുത്ത് നൽകും. നിങ്ങൾ നിലവിൽ വിസിറ്റ് വിസയിൽ യുഎഇയിൽ ഉണ്ടെങ്കിൽ ‘ചേഞ്ച് ഓഫ് സ്റ്റാറ്റസ്’ വഴി വിസ മാറ്റം വരുത്തണം.
- 2: മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് : യുഎഇയിൽ എത്തിയ ശേഷം സർക്കാർ അംഗീകൃത മെഡിക്കൽ സെന്ററിൽ പോയി രക്തപരിശോധനയും നെഞ്ചിന്റെ എക്സ്-റേയും എടുക്കണം. എച്ച്ഐവി, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.
- 3: എമിറേറ്റ്‌സ് ഐഡി അപേക്ഷയും ബയോമെട്രിക്കും: മെഡിക്കൽ പാസായ ശേഷം എമിറേറ്റ്‌സ് ഐഡിക്കായി അപേക്ഷിക്കണം. ആദ്യമായി വിസയെടുക്കുന്നവരാണെങ്കിൽ സർക്കാർ കേന്ദ്രങ്ങളിൽ പോയി വിരലടയാളവും കൺപോളകളുടെ ചിത്രവും നൽകേണ്ടതുണ്ട്.
- 4: വിസ സ്റ്റാമ്പിംഗും കാർഡ് വിതരണവും: മെഡിക്കൽ റിപ്പോർട്ടും എമിറേറ്റ്‌സ് ഐഡി അപേക്ഷയും പൂർത്തിയാകുന്നതോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA/ICP) നിങ്ങളുടെ റെസിഡൻസി വിസ ഓൺലൈനായി അപ്ഡേറ്റ് ചെയ്യും. തുടർന്ന് കുറച്ചു ദിവസങ്ങൾക്കകം നിങ്ങളുടെ ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി കാർഡ് തപാലിൽ ലഭിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
വിസ ലഭിച്ചുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റെസിഡൻസി വിസ ലഭിച്ച ശേഷം നിങ്ങളുടെ വിസ സുരക്ഷിതമായി നിലനിർത്താൻ ചില കാര്യങ്ങൾ പ്രത്യേകം ഓർമ്മിക്കണം.
- 6 മാസത്തെ നിയമം: ഒരു റെസിഡൻസി വിസയുള്ള വ്യക്തി തുടർച്ചയായി 6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ ആ വിസ സ്വയമേവ റദ്ദാകും . എന്നാൽ ഗോൾഡൻ വിസയുള്ളവർക്ക് ഈ നിയമം ബാധകമല്ല.
- വിസ റദ്ദാക്കൽ : നിങ്ങൾ ജോലി മാറാനോ അല്ലെങ്കിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനോ ആഗ്രഹിക്കുമ്പോൾ കമ്പനി വഴി പഴയ വിസ കൃത്യമായി ക്യാൻസൽ ചെയ്തിരിക്കണം. അല്ലാത്തപക്ഷം അത് നിയമപ്രശ്നങ്ങൾക്ക് കാരണമാകും.
- തൊഴിൽ നിയമങ്ങൾ പാലിക്കുക: വിസ നൽകിയ സ്പോൺസറുടെ കീഴിലല്ലാതെ മറ്റ് കമ്പനികളിലോ സ്ഥാപനങ്ങളിലോ അനുമതിയില്ലാതെ ജോലി ചെയ്യുന്നത് വൻ തുക പിഴയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റമാണ്.
വർക്ക് പെർമിറ്റ് ആക്ടിവേഷനും ഇൻഷുറൻസും
റെസിഡൻസി വിസ നടപടികൾ പൂർത്തിയാകുന്നതോടൊപ്പം തന്നെ യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിൽ (MOHRE) നിന്നുള്ള നിങ്ങളുടെ ഔദ്യോഗിക തൊഴിൽ കാർഡ് ആക്ടിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കൂടാതെ, വിസ ലഭിച്ച് കഴിഞ്ഞാലുടൻ കമ്പനി നൽകുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിന് പുറമെ, യുഎഇയിൽ നിർബന്ധമാക്കിയിട്ടുള്ള തൊഴിലില്ലായ്മ ഇൻഷുറൻസായ ILOE (Involuntary Loss of Employment) പദ്ധതിയിൽ നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം ILOE ഇൻഷുറൻസ് എടുക്കാതിരുന്നാൽ വൻ തുക പിഴ ഒടുക്കേണ്ടി വരികയും, അത് പിന്നീട് വിസ പുതുക്കുന്നതിനെയോ ഐഡി കാർഡിന്റെ സേവനങ്ങളെയോ ബാധിക്കുകയും ചെയ്യും.
അഡിഷണൽ ടിപ്പുകൾ
- യുഎഇയിലെ നിങ്ങളുടെ വിസയുടെ കാലാവധിയും സ്റ്റാറ്റസും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക ആപ്പായ ICP UAE അല്ലെങ്കിൽ ദുബായ് വിസകൾക്കായി Dubainow ആപ്പ് ഉപയോഗിക്കാവുന്നതാണ്.
- വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് ദിവസേനയുള്ള പിഴ ഈടാക്കാൻ കാരണമാകും. അതിനാൽ വിസ തീരുന്നതിന് 30 ദിവസം മുൻപെങ്കിലും പുതുക്കൽ നടപടികൾ ആരംഭിക്കാൻ ശ്രദ്ധിക്കുക.
ALSO READ:
- വിസ കഴിഞ്ഞും യുഎഇയിൽ എത്ര മാസം പിഴയില്ലാതെ തുടരാം? ഗ്രേസ് പീരിയഡ് ഓൺലൈനായി പരിശോധിക്കാനുള്ള എളുപ്പപണികൾ ഇതാ…
- യുഎഇയിൽ വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? പിഴ എങ്ങനെ പരിശോധിക്കാം? ഗൈഡ്
- എമിറേറ്റ്‌സ് ഐഡി എങ്ങനെ പുതുക്കാം?: പ്രവാസികൾക്കുള്ള സമ്പൂർണ ഗൈഡ്
FAQs
- ഒരു റെസിഡൻസി വിസയുള്ള വ്യക്തിക്ക് തുടർച്ചയായി എത്ര കാലം യുഎഇക്ക് പുറത്ത് നിൽക്കാം?
- പരമാവധി 6 മാസം വരെ പുറത്തുനിൽക്കാം, അതിൽ കൂടുതൽ തുടർച്ചയായി നാട്ടിൽ നിന്നാൽ ഗോൾഡൻ വിസക്കാർ ഒഴികെയുള്ളവരുടെ വിസ റദ്ദാകും.
- റെസിഡൻസി വിസയുള്ള ഒരാൾക്ക് കുടുംബത്തെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യാൻ സാധിക്കുമോ?
- അതെ, യുഎഇ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ശമ്പള പരിധിയുള്ള ഏതൊരു പ്രവാസിക്കും സ്വന്തം കുടുംബത്തെ സ്പോൺസർ ചെയ്യാം.
- വിസിറ്റ് വിസയിൽ യുഎഇയിൽ എത്തിയ ഒരാൾക്ക് രാജ്യത്ത് വെച്ച് തന്നെ റെസിഡൻസി വിസയിലേക്ക് മാറാൻ സാധിക്കുമോ?
- അതെ, പുതിയ ജോലി ലഭിക്കുകയോ നിക്ഷേപം നടത്തുകയോ ചെയ്താൽ ‘ചേഞ്ച് ഓഫ് സ്റ്റാറ്റസ്’ വഴി വിസിറ്റ് വിസ റെസിഡൻസി വിസയാക്കി മാറ്റാം.
Summary: Read this UAE Residency Visa Guide 2026 to understand the step by step process of relocating to the Emirates. Learn about essential document attestation, medical fitness tests, Emirates ID registration, and mandatory compliance requirements like health coverage and ILOE insurance for international expats.

