Published: Sunday, 31 May 2026, at 11:29 am| Dubai
അബുദാബി/ ദുബായ്: ജൂൺ ഒന്ന് മുതൽ (നാളെ) യുഎഇയിൽ വരാൻ പോകുന്ന സാമ്പത്തിക- സ്വകാര്യ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് ഗൾഫ് മലയാളിയിലൂടെ നിങ്ങൾ അറിഞ്ഞതാണ് (UAE New Rules). എന്നാൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന മാറ്റങ്ങൾ ഏതൊക്കെയെന്ന് ഈ ഭാഗത്തിലൂടെ നമ്മുക്ക് ഒറ്റ നോട്ടത്തിൽ പരിശോധിക്കാം..
ശമ്പള സുരക്ഷ

യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്ന പുതിയ ശമ്പള നിയമമാണ് ഒന്നാമത്തേത്. നേരത്തെ ഒരു സ്വകാര്യസ്ഥാപനത്തിന് തങ്ങളുടെ തൊഴിലാളികളുടെ ശമ്പളം നല്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് ഓരോ മാസത്തെയും ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കോ അതിന് മുൻപോ നൽകണം. ഇത് വീഴ്ച വരുത്തിയാൽ കമ്പനിക്കെതിരെ സർക്കാർ തലത്തിൽ നടപടികളും ബ്ലാക്ക് ലിസ്റ്റിംഗുമടക്കം ഉണ്ടാവും. യുഎഇയിൽ ജോലി ചെയ്യുന്ന ഓരോ പ്രവാസികൾക്കും ഏറെ ആശ്വാസകരമാണ് ഈ പുതിയ നടപടി. ഇത് മൂലം പ്രവാസികൾക്ക് തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ജീവിതനിലവാരം ഉയർത്താനും സാധിക്കും.
സാമ്പത്തിക-വാണിജ്യ കരാർ

യുഎഇയിൽ സാമ്പത്തിക-വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നതിനും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനുമുള്ള നിയമപരമായ പ്രായപരിധി നേരത്തെ 21 വയസ്സായിരുന്നു. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഈ പ്രായപരിധി 18 വയസ്സ് ആക്കിയിരിക്കുകയാണ്.ഇതോടെ 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും നിയമപരമായ സാമ്പത്തിക കരാറുകളിൽ ഒപ്പുവയ്ക്കാനും പൂർണ അവകാശമുണ്ടാകും.
ഒടിപി നിർത്തലാക്കുന്നു

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഒടിപി വാട്സാപ് വഴി അയയ്ക്കുന്നത് നിർത്തലാക്കുകയാണ്.തട്ടിപ്പുകൾ തടയുന്നതിനായി ഒടിപികൾ ഇനി മുതൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴിയോ ബാങ്കിങ് ആപ്പുകൾ വഴിയോ മാത്രമേ ലഭ്യമാകൂ. അതിനാൽ സാമ്പത്തിക സുരക്ഷയ്ക്കായി നിങ്ങളുട ബാങ്ക് ആപ്പുകൾ തന്നെ ഉപയോഗിക്കാനും സംശയങ്ങൾക്കും ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ സർവീസുമായി ബന്ധപ്പെടാനുമാണ് അധികൃതർ നൽകുന്ന നിർദേശം.
പാർക്കിങ്

ദുബായിൽ പൊതു പാർക്കിങ് ഫീസിനും റോഡ് ടോൾ (സാലിക്) നിരക്കുകൾക്കും 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) നിർബന്ധമാക്കിയിരിക്കുന്നു എന്നാണ് മറ്റൊരു പ്രധാനപ്പെട്ട പരിഷ്‌കാരം. നേരത്തെ ഈ വാറ്റ് ഉണ്ടായിരുന്നില്ല. ആർടിഎ നേരിട്ട് നടത്തുന്നതിനാലാണ് വാറ്റ് ഉണ്ടാവാതിരുന്നത്. എന്നാൽ പാർക്കിങ് കമ്പനികൾ യുഎഇയിലെ സ്വകാര്യ സ്ഥാപനമായി ലിസ്റ്റ് ചെയ്യപ്പെട്ടത്തോടെ സ്വകാര്യസ്ഥാപനങ്ങൾക്കുള്ള 5% വാറ്റ് ഈ കമ്പനികൾക്ക് ബാധകമായി.
ഡിജിറ്റൽ യുഎഇ

ഡിജിറ്റൽ യുഎഇ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്ക്കാരം. ഇത് പ്രകാരം ദുബായിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള പൂർണ ഡിജിറ്റൽ പാർക്കിങ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.സ്മാർട്ട് ആപ്പുകൾ, എസ്എംഎസ്, ക്യുആർ കോഡുകൾ എന്നിവ വഴി മാത്രമേ ഇനി പാർക്കിങ് ഫീസ് അടയ്ക്കാനാകൂ.വാഹനങ്ങളുടെ വിൻഡ്ഷീൽഡിൽ പേപ്പർ ടിക്കറ്റുകൾ പതിക്കുന്ന രീതി ഇല്ലാതാകും.
നാളെ മുതൽ ഈ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ ഇന്ന് തന്നെ അതിനുള്ള തയാറെടുപ്പുകൾ ഓരോ പ്രവാസിയും നടത്തേണ്ടതുണ്ട്. ഓർക്കുക ഈ നിയമങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. മറിച്ച് നിങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമാക്കിയുള്ളതാണ്. അതിനാൽ പുതിയ പരിഷ്കാരങ്ങളോട് സഹകരിക്കുക.
മേൽപറഞ്ഞ വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്തുക
- ദുബായിൽ പാർക്കിംഗ് നിരക്കുകളിൽ മാറ്റം; ജൂൺ 1 മുതൽ വാറ്റ് (VAT) ബാധകമാകും
- സാലിക് ടോൾ നിരക്കുകളിൽ മാറ്റം; ജൂൺ 1, 2026 മുതൽ 5% വാറ്റ് ബാധകമാകും
- UAE Salary Rules 2026: യുഎഇയിൽ ശമ്പളം ഇനി ഒന്നാം തീയതി തന്നെ നൽകണം; സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
- യുഎഇ സിവിൽ നിയമത്തിൽ വൻ മാറ്റങ്ങൾ: ജൂൺ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ
SUMMARY: UAE is introducing five major changes from June 1. These include strict new rules for private sector salary payments, lowering the business contract age to 18, stopping WhatsApp OTPs for banking, adding 5% VAT to Dubai parking and Salic, and shifting entirely to digital paperless parking.

