Published: Friday, 24 April 2026, at 12:02 am |Dubai | Edited:Friday, 24 April 2026 at 1:02 am
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് (Iran Middle East Warning). ഇറാനിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ സെയ്ദ് മുഹമ്മദ് മരാണ്ടിയുടെ പുതിയ പ്രസ്താവന ഗൾഫ് രാജ്യങ്ങളും അവിടെ വസിക്കുന്ന ലക്ഷകണക്കിന് പ്രവാസികളും ആശങ്കയോടെയാണ് നോക്കികാണുന്നത്.
യുഎഇ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ വസിക്കുന്ന വിദേശികൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നാണ് മരാണ്ടിയുടെ മുന്നറിയിപ്പ്. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുമെന്നുള്ള അദ്ദേഹത്തിൻറെ പ്രസ്താവന ഗൾഫ് രാജ്യങ്ങൾ ഗൗരവകരമായാണ് നോക്കികാണുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് അനുമതി നൽകുന്നതിലൂടെ ഗൾഫ് രാജ്യങ്ങൾ ഇറാനെതിരെയുള്ള നീക്കങ്ങളിൽ പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള കപ്പലുകളിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിച്ച് പോകാനും മരാണ്ടി ആവശ്യപ്പെടുന്നുണ്ട്. മരാണ്ടിയുടെ ഈ ആഹ്വാനം ആഗോള ചരക്കുനീക്കത്തെയും കപ്പൽ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് ജീവനക്കാരെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിന്റെ ഭാവിയെക്കുറിച്ചുള്ള ഇത്തരം ഗൗരവകരമായ പ്രസ്താവനകൾ പ്രവാസികൾക്കിടയിൽ വലിയ ചങ്കിടിപ്പാണ് ഉണ്ടാക്കുന്നത്.
ALSO READ: കുവൈറ്റിൽ ഉടൻ സ്‌കൂളുകൾ തുറക്കുമോ? അപ്‌ഡേറ്റുമായി വിദ്യാഭ്യാസ മന്ത്രാലയം
അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി; ടോൾ നിരക്ക്, ബദൽ മാർഗങ്ങൾ, അറിയാം
ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ‘ഗുഡ് ബൈ’ മുന്നറിയിപ്പ്

മരാണ്ടിയുടെ പ്രസ്താവനകൾക്ക് പിന്നാലെ മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനൽകിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാൻ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
പേർഷ്യൻ ഗൾഫിലെ ചില രാജ്യങ്ങൾ മുമ്പ് ഇറാന്റെ ശത്രുക്കൾക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്നും സൈനിക മേധാവിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ഇറാന്റെ ലക്ഷ്യപ്പട്ടികയിൽ ഇനി സൈനിക താവളങ്ങൾ മാത്രമല്ല ഉള്ളതെന്നും മറിച്ച് മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ നിർണ്ണായകമായ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാൻ ഭീഷണി.
എണ്ണ വിപണിയിലെ ആശങ്കയും സാമ്പത്തിക പ്രത്യാഘാതങ്ങളും

അമേരിക്കയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടർത്തുന്നുണ്ട്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നിരിക്കെ, ഇറാന്റെ അടുത്ത നീക്കങ്ങൾക്കായി ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
ഇറാന്റെ മുന്നറിയിപ്പും പ്രവാസികളും
ഇറാന്റെ മുന്നറിയിപ്പ് ലക്ഷകണക്കിന് വരുന്ന പ്രവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ജനവാസ മേഖലകളോട് ചേർന്നുപോലും സൈനിക താവളങ്ങളുണ്ട്. ഇവ ലക്ഷ്യമിടുമെന്ന ഇറാന്റെ മുന്നറിയിപ്പ് പ്രവാസികളിൽ വലിയ ഭയമുണ്ടാക്കുന്നുണ്ട്.
കൂടാതെ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇത് നേരിട്ടുള്ള തൊഴിൽ ഭീഷണിയാണ്. കപ്പലുകൾ ഉപേക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന കാര്യമാണ്.സൗദി അറേബ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യപ്പട്ടികയിലുണ്ടെന്ന വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നീക്കങ്ങളെയും പ്രവാസികളുടെ ഭാവി പദ്ധതികളെയും ഗൗരവകരമായി സ്വാധീനിക്കും.
ALSO READ: 40 കിലോ വരെ ലഗേജ് പരിധി: വമ്പൻ ഇളവുകളുമായി ഒമാന്‍ എയര്‍; പ്രവാസികൾക്ക് ഇരട്ടി സന്തോഷം
യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പുതിയ രീതി; എന്താണ് 4-കോർണർ മോഡൽ? അറിയാം..
English Summary: The recent Iran Middle East Warning from Mohammad Marandi and top military commanders has triggered fear among expats. The threat to target oil fields and the call for immediate evacuation in countries like the UAE and Saudi Arabia could lead to a massive regional crisis.
content: Iran Middle East Warning

