Published: Tuesday, 9 June 2026, at 1:39 pm| Dubai | Edited: Tuesday, 9 June 2026, at 1:47 pm
ഇത്തവണ വേനലവധിക്ക് നാട്ടിലേക്ക് പോകാനാവുമോ എന്ന ആശങ്കയിലാണ് യുഎഇ മലയാളികൾ. വിമാനസർവീസുകൾ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കുത്തനേ ഉയർന്നതുമാണ് കാരണം. ഈ സാഹച്ചര്യത്തിൽ നിങ്ങളുടെ വെക്കേഷൻ കാലം യുഎഇയിൽ തന്നെ ചെലവഴിക്കാനായി മികച്ച 5 സ്പോട്ടുകൾ (Budget places to visit in UAE) ഞങ്ങൾ പറഞ്ഞ് തരാം..
ALSO READ:
- താങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ
- സ്കൂൾ വേനലവധി തീയതികൾ പ്രഖ്യാപിച്ച് യുഎഇ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രണ്ട് അവധി കാലയളവുകൾ
ഷാർജ അൽ നൂർ ഐലൻഡ്

ഷാർജ ഖാലിദ് ലഗൂണിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പ്രകൃതിഭംഗിയും ശാന്തതയും ആഗ്രഹിക്കുന്നവർക്ക് പറ്റിയ മനോഹരമായ ഒരിടമാണ്. ലൈറ്റ് ഷോകൾ, മനോഹരമായ വാക്ക്വേകൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, അപൂർവയിനം ചിത്രശലഭങ്ങളുള്ള ബട്ടർഫ്ലൈ ഹൗസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം കുറഞ്ഞ ചിലവിൽ സമയം ചെലവഴിക്കാൻ ഇത് മികച്ചൊരു ചോയ്സാണ്.
- പോകാൻ പറ്റിയ സമയം: വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെ (ബട്ടർഫ്ലൈ ഹൗസ് കാണാൻ വൈകുന്നേരം 6:00 മണിക്ക് മുൻപ് കയറണം).
- എൻട്രി ഫീ: മുതിർന്നയാളുകൾക്ക് 35 ദിർഹം മുതൽ (ബട്ടർഫ്ലൈ ഹൗസ് ഉൾപ്പെടെയുള്ള പാക്കേജുകൾക്ക് നിരക്ക് മാറും), കുട്ടികൾക്ക് 20 ദിർഹം.
ദുബായ് ക്രീക്ക് ഹാർബർ

ദുബായിലെ ഏറ്റവും പുതിയതും അതിമനോഹരവുമായ ഒരു വാട്ടർഫ്രണ്ട് ലൊക്കേഷനാണിത്. ദുബായ് ഡൗൺടൗണിന്റെയും ബുർജ് ഖലീഫയുടെയും അതിശയിപ്പിക്കുന്ന സ്കൈലൈൻ കാഴ്ചകൾ ഇവിടെ നിന്നും കാണാം. കുട്ടികളുമൊത്ത് വൈകുന്നേരങ്ങളിൽ നടക്കാനും ചിത്രങ്ങൾ പകർത്താനും ഒപ്പം സൂര്യാസ്തമയം ആസ്വദിക്കാനും പണം ചിലവില്ലാത്ത ഒരു അടിപൊളി സ്പോട്ടാണിത്.
- പോകാൻ പറ്റിയ സമയം: വൈകുന്നേരം 5:00 മണി മുതൽ രാത്രി 11:00 മണി വരെ.
- എൻട്രി ഫീ: പ്രവേശനം തികച്ചും സൗജന്യമാണ്
അൽ മർജാൻ ഐലൻഡ്, റാസൽഖൈമ

യുഎഇയിലെ ചൂടിൽ നിന്ന് മാറി ഒരു ബീച്ച് വൈബ് ആഗ്രഹിക്കുന്നവർക്ക് റാസൽഖൈമയിലെ അൽ മർജാൻ ഐലൻഡ് തിരഞ്ഞെടുക്കാം. കടൽത്തീരത്തോട് ചേർന്നുള്ള നീളമേറിയ റണ്ണിങ്, സൈക്ലിങ് ട്രാക്കുകളും കുട്ടികൾക്കായുള്ള പാർക്കുകളും ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ കടൽക്കാറ്റേറ്റ് കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യാനും സമയം ചെലവഴിക്കാനും നിരവധി ഗൾഫ് മലയാളികൾ ഇവിടെ എത്താറുണ്ട്.
- പോകാൻ പറ്റിയ സമയം: വൈകുന്നേരം 4:30 മണിക്ക് ശേഷം പോകുന്നതാണ് വെയിൽ ഒഴിവാക്കാൻ നല്ലത്.
- എൻട്രി ഫീ: പ്രവേശനം തികച്ചും സൗജന്യമാണ്.
ഷാർജ ഡെസേർട്ട് പാർക്ക്

കുട്ടികളുമായി കുറഞ്ഞ ചിലവിൽ ഇൻഡോർ ആയി സമയം ചെലവഴിക്കാൻ പറ്റിയ മികച്ചൊരു എഡ്യൂക്കേഷണൽ സ്പോട്ടാണിത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടാണിക്കൽ ഗാർഡൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, അറേബ്യൻ വൈൽഡ് ലൈഫ് സെന്റർ എന്നിവ ഇതിനുള്ളിലുണ്ട്. യുഎഇയിലെ വന്യമൃഗങ്ങളെയും പക്ഷികളെയും ചൂടേൽക്കാതെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും.
- പോകാൻ പറ്റിയ സമയം: രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 വരെ (ചൊവ്വാഴ്ചകളിൽ അവധിയായിരിക്കും).
- എൻട്രി ഫീ: മുതിർന്നവർക്ക് 21 ദിർഹം, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ദുബായ് ഫ്രെയിം

ദുബായിലെ സബീൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഫ്രെയിം വളരെ കുറഞ്ഞ ചിലവിൽ ദുബായിയുടെ പഴയകാല ചരിത്രവും ആധുനിക കാഴ്ചകളും ഒരേപോലെ കാണിച്ചുതരുന്ന ഒരു അത്ഭുത നിർമ്മിതിയാണ്. ഇതിന്റെ മുകളിൽ കയറിയാൽ ഒരു വശത്ത് പഴയ ദുബായിയും (Deira, Bur Dubai) മറു വശത്ത് പുതിയ ദുബായിയും (Sheikh Zayed Road) കാണാം. ഇതിന്റെ മുകളിലെ ഗ്ലാസ് ഫ്ലോറിലൂടെയുള്ള നടത്തം വേറിട്ടൊരു അനുഭവമായിരിക്കും.
- പോകാൻ പറ്റിയ സമയം: രാവിലെ 9:00 മണി മുതൽ രാത്രി 9:00 മണി വരെ (ലൈറ്റുകൾ തെളിയുന്ന വൈകുന്നേര സമയം കൂടുതൽ മനോഹരമാണ്).
- എൻട്രി ഫീ: മുതിർന്നവർക്ക് 50 ദിർഹം, കുട്ടികൾക്ക് (3-12 വയസ്സ്) 20 ദിർഹം. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും (People of Determination) പ്രവേശനം സൗജന്യമാണ്.
യാത്രപുറപ്പെടും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതൊരു യാത്രയ്ക്കും മുമ്പേ ചില മുൻ കരുതൽ സ്വീകരിക്കുന്നത് നല്ലതാണ്. മുകളിൽ പറഞ്ഞ അഞ്ച് സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും അതല്ല, മറ്റു സ്ഥലങ്ങളാണ് നിങ്ങൾ തിരഞ്ഞടുക്കുന്നത് എങ്കിൽ അവിടേക്ക് പോകുമ്പോഴും ശ്രദ്ധിക്കേണ്ട അഡിഷണൽ ടിപ്സ് ഇതാ..
- സമ്മർ ഓഫറുകൾ : വേനൽക്കാലത്ത് യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ആപ്പുകളും വലിയ ഡിസ്കൗണ്ടുകളും ‘Buy 1 Get 1’ ഓഫറുകളും നൽകാറുണ്ട്. ടിക്കറ്റുകൾ എടുക്കുന്നതിന് മുൻപ് ഇത്തരം ഓഫറുകൾ ഉണ്ടോ എന്ന് ഓൺലൈനിൽ പരിശോധിക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും.
- മുൻകൂട്ടി ബുക്ക് ചെയ്യുക : ദുബായ് ഫ്രെയിം, ഷാർജ ഡെസേർറ്റ് പാർക്ക് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
- യാത്രാ സമയം ക്രമീകരിക്കുക: മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പകൽ സമയത്ത് കടുത്ത ചൂടുള്ളതിനാൽ ഔട്ട്ഡോർ ബീച്ചുകളും പാർക്കുകളും സന്ദർശിക്കുന്നത് വൈകുന്നേരം 5 മണിക്ക് ശേഷമാക്കുക. പകൽ സമയങ്ങളിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഇൻഡോർ മ്യൂസിയങ്ങളോ മാളുകളോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
- ഹൈഡ്രേറ്റഡ് ആയിരിക്കുക: യുഎഇയിലെ കടുത്ത വേനലിൽ കുട്ടികളുമായി പുറത്തുപോകുമ്പോൾ ആവശ്യത്തിന് വെള്ളവും അല്ലെങ്കിൽ ജ്യൂസുകളും കരുതുക. സൺസ്ക്രീൻ ഉപയോഗിക്കുന്നതും കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ചൂടിൽ നിന്ന് സംരക്ഷണം നൽകും.
- യാത്രാ സൗകര്യം നോക്കുക: ക്രീക്ക് ഹാർബർ, ദുബായ് ഫ്രെയിം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെട്രോ വഴിയോ പൊതുഗതാഗത സംവിധാനങ്ങൾ വഴിയോ എളുപ്പത്തിൽ എത്താനാകും. പാർക്കിങ് തിരക്കുകൾ ഒഴിവാക്കാൻ മെട്രോയോ ആർടിഎ ബസുകളോ ഉപയോഗിക്കുന്നത് യാത്ര കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കും.
ALSO READ
- എമിറേറ്റ്സ് ഐഡി എങ്ങനെ പുതുക്കാം?: പ്രവാസികൾക്കുള്ള സമ്പൂർണ ഗൈഡ്
- യുഎഇ വിസിറ്റിങ് വിസ: എങ്ങനെ അപേക്ഷിക്കാം? രേഖകൾ, യോഗ്യതകൾ, പിഴകൾ എല്ലാം അറിയാം
English Summary: Due to high airfares, many UAE expats are staying back this summer. This guide highlights five Budget places to visit in UAE, including Al Noor Island, Dubai Creek Harbour, and Dubai Frame. It offers essential details like entry fees, optimal timings, and safety tips to enjoy a budget friendly vacation.

