Published: Sunday, 31 May 2026, at 12:50 am| Dubai | Edited: Sunday, 31 May 2026, at 12:57 am
ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ട് പിഎസ്ജി. ഹംഗറിയിലെ പുസ്കാസ് അരീനയിൽ നടന്ന കലാശപ്പോരിൽ ആവേശം നിറഞ്ഞ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനലിനെ വീഴ്ത്തിയാണ് പിഎസ്ജി വീണ്ടും യൂറോപ്യൻ കിരീടത്തിൽ മുത്തമിട്ടത്.
കോഹ്‌ലിയുടെ ഒരൊറ്റ ലൈക്ക്; ജർമൻ സുന്ദരിയുടെ ജീവിതം മാറി മറിഞ്ഞു
റെഗുലർ ടൈമിൽ തുല്യം

മത്സരത്തിന്റെ ആറാം മിനുട്ടിൽ കയ് ഹാവേർട്സിലൂടെ പീരങ്കിപ്പടയാണ് ഫൈനൽ പോരാട്ടത്തിലെ ആദ്യ ഗോൾ നേടിയത്. സമനില ഗോളിനായുള്ള പിഎസ്ജി ശ്രമങ്ങൾക്ക് ഫലം കണ്ടത് മത്സരത്തിന്റെ 64 ആം മിനുട്ടിലാണ്. ഖ്വിച്ച വാരത്സ്ഹേലിയയുടെ മുന്നേറ്റം തടയാനുള്ള ആഴ്‌സനൽ ഡിഫൻഡർ ക്രിസ്ത്യൻ മൊസ്‌ക്വെരയുടെ നീക്കം പിഴച്ചതോടെ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാർക്ക് പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത സൂപ്പർ താരം ഒസ്മാൻ ഡെംബലെയ്ക്ക് പിഴച്ചില്ല, പന്ത് വലയിൽ. പിസ്ജി ഒപ്പത്തിനൊപ്പം (1-1).
പിന്നീട് വിജയഗോളിനായി ഇരുവരും കിണഞ്ഞ് ശ്രമിച്ചെങ്കിലും റെഗുലർ ടൈമിൽ ഇരുവർക്കും ഗോൾ കണ്ടെത്താനായില്ല. 30 മിനുട്ടിന്റെ എക്സ്ട്രാ ടൈമിലും ഗോൾ വല ചലിക്കാതെ വന്നതോടെ മത്സരം നിർണായകമായ പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് വഴി മാറി.
പെനാൽറ്റിയിൽ ലക്ഷ്യം പിഴച്ച് പീരങ്കിപ്പട

പിഎസ്ജിക്കായി ഗോൺസാലോ റാമോസ്, ഡെസീറെ ഡുവെ, അഷ്‌റഫ് ഹക്കീമി, ലൂക്കാസ് ബെരാൾഡോ എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ നൂനോ മെൻഡസിന്റെ ഷോട്ട് ആഴ്‌സനൽ ഗോൾകീപ്പർ ഡേവിഡ് റായ തട്ടിയകറ്റി.
ആഴ്‌സനലിനായി വിക്ടർ യോക്കെരെഷ്, ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ തങ്ങളുടെ കിക്കുകൾ വലയിലാക്കിയപ്പോൾ എബരെച്ചി എസെയും നിർണായക കിക്കെടുത്ത ഗബ്രിയേൽ മഗാല്യുൻസും അവസരം പാഴാക്കി. ഇതോടെ 4-3ന് ഗണ്ണേഴ്‌സിനെ മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കിരീടം നിലനിർത്തി.
കനിയാത്ത ചാമ്പ്യൻസ് ലീഗ് കിരീടം

22 കാത്തിരിപ്പിനൊടുവിൽ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ആഴ്‌സനൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 2006-ലാണ് മുൻപ് ഒരേയൊരു തവണ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. അന്ന് ബാഴ്സലോണയോട് തോറ്റു. ഇത്തവണയും ആ വിധി മാറ്റി മറിക്കാൻ ഗണ്ണേഴ്‌സിനായില്ല.
മറുവശത്ത് പ്രീക്വാർട്ടറിൽ ചെൽസി, ക്വാർട്ടറിൽ ലിവർപൂൾ, സെമിയിൽ ബയേൺ മ്യൂണിക് എന്നീ വമ്പന്മാരെ വീഴ്ത്തി ഫൈനലിലെത്തിയ പിഎസ്ജി, ആ മികവ് ആഴ്‌സനലിനെതിരെയും തുടർന്നു.
ALSO READ: ദുബായിൽ പാർക്കിംഗ് നിരക്കുകളിൽ മാറ്റം; ജൂൺ 1 മുതൽ വാറ്റ് (VAT) ബാധകമാകും
വേനൽക്കാല യാത്രാത്തിരക്കിനൊരുങ്ങി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്; വിമാന സർവീസുകൾ വിപുലീകരിക്കുന്നു
Summary: PSG retained their Champions League title by defeating Arsenal 4-3 on penalties at the Puskas Arena. After a 1-1 draw in regular time with goals from Kai Havertz and Ousmane Dembele, PSG showed nerves of steel in the shootout to secure back-to-back European glory.

