Published: Friday, 12 June 2026, at 12:25 am| Dubai | Edited: Friday, 12 June 2026, at 12:27 am
സിഡ്‌നി: മലയാളികളുടെ പ്രിയപ്പെട്ട ‘മുരിങ്ങ‘യ്ക്ക് കർശന വിലക്കേർപ്പെടുത്തി ഓസ്ട്രേലിയയും ന്യൂസീലൻഡും (Moringa Ban in Australia). എന്താണ് വിലക്കിന് പിന്നിലെ കാരണങ്ങൾ? ഇത് വിപണിയിലും കയറ്റുമതിയിലും എത്രത്തോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും? അറിയാം..
ALSO READ:
- ‘ദൈവത്തിന്റെ കരങ്ങൾ’: ലണ്ടനിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച് മലയാളി, വിഡിയോ കാണാം…
- ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് ഇനി ട്രെയിൻ വഴി പോകാം: ചരിത്ര കരാറിലൊപ്പിട്ട് സൗദിയും തുർക്കിയും
നിരോധനത്തിന് പിന്നിലെ കാരണം

മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങയെണ്ണ എന്നിവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവകളായോ വിൽക്കുന്നതും ഉപയോഗിക്കുന്നതുമാണ് ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്. ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് (FSANZ) പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഈ നടപടി.
മുരിങ്ങ ഒരു ഭക്ഷ്യ ഉൽപന്നമെന്ന നിലയിൽ വിപണിയിലെത്തിക്കാൻ ആവശ്യമായ സുരക്ഷാ രേഖകളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
മുരിങ്ങയെ സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പില്ലാത്ത പുതിയ തരം ഭക്ഷണം അഥവാ ‘നോവൽ ഫൂഡ്’ വിഭാഗത്തിലാണ് അധികൃതർ തരംതിരിച്ചിരിക്കുന്നത്.
1994-ന് മുൻപ് ഓസ്‌ട്രേലിയയിലോ ന്യൂസീലൻഡിലോ മുരിങ്ങ ഒരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചതിന് കൃത്യമായ ചരിത്രരേഖകളില്ല. മനുഷ്യ ഉപഭോഗത്തിന് ഇത് പൂർണമായും സുരക്ഷിതമാണെന്ന് തെളിയിക്കാൻ ആവശ്യമായ ശാസ്ത്രീയ തെളിവുകളും ഇല്ലാതെ വന്നതോടെയാണ് ഈ വാണിജ്യ വിലക്ക് കർശനമാക്കിയത്.
വിപണിയിലും കയറ്റുമതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ

ഈ നിരോധനം ഓസ്‌ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന വ്യാപാരികളെയും ഇറക്കുമതിക്കാരെയും കാര്യമായി ബാധിക്കും. ഇറക്കുമതി ചെയ്ത വാണിജ്യ മുരിങ്ങ ഉൽപന്നങ്ങൾ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അവ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യും. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളെ ‘പരാജയപ്പെട്ട ഭക്ഷണം’ ആയി പ്രഖ്യാപിച്ച് നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ
ഓസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും താമസിക്കുന്ന മലയാളികൾക്ക് സ്വന്തം ആവശ്യത്തിനായി മുരിങ്ങ വളർത്തുന്നതിനോ ഉപയോഗിക്കുന്നതിനോ യാതൊരു തടസ്സവുമില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം നട്ടുവളർത്തുന്നതിനോ അതിന്റെ ഇലകൾ സ്വകാര്യമായി പാകം ചെയ്ത് കഴിക്കുന്നതിനോ യാതൊരുവിധ നിയമതടസ്സവുമില്ല. എന്നാൽ മുരിങ്ങ ചേർത്തൊരു ഭക്ഷ്യ ഉൽപന്നം ഉണ്ടാക്കി വിൽക്കാൻ നിയമപരമായി അനുവാദമില്ല.
അനുവദിക്കപ്പെട്ടിട്ടുള്ള ഇളവുകൾ
പൊതു ഭക്ഷണമായി നിരോധിച്ചിട്ടുണ്ടെങ്കിലും, മുരിങ്ങയെ തെറാപ്പൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വഴി ഒരു ‘കോംപ്ലിമെന്ററി മെഡിസിൻ’ ആയി ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ കാപ്സ്യൂളുകളുടെ രൂപത്തിൽ വിൽക്കാൻ നിയമപരമായി അനുവാദമുണ്ട്.
ഓസ്ട്രേലിയയ്ക്ക് മുൻപേ ബ്രസീലും
ഓസ്‌ട്രേലിയയ്ക്ക് മുൻപ് തന്നെ ബ്രസീൽ മുരിങ്ങയ്ക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രസീലിന്റെ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ‘അൻവിസ’ (ANVISA) രാജ്യത്തുടനീളം മുരിങ്ങയുടെ ഉപയോഗം നിരോധിച്ചത് സുരക്ഷാ തെളിവുകളുടെ അഭാവം കൊണ്ട് മാത്രമല്ല.
ചായ, കാപ്സ്യൂളുകൾ തുടങ്ങിയ രൂപങ്ങളിൽ മുരിങ്ങ വിൽക്കുന്നവർ ഇത് കാൻസർ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഭേദമാക്കും എന്ന രീതിയിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജമായ ഔഷധ അവകാശവാദങ്ങൾ ഉന്നയിച്ചതുമാണ് ബ്രസീലിനെ ഇത്തരമൊരു കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.
മുരിങ്ങയുടെ ഗുണങ്ങളും പുതിയ കണ്ടെത്തലുകളും

ഭക്ഷ്യസുരക്ഷയുടെ പേരിൽ ഓസ്‌ട്രേലിയയിൽ വാണിജ്യ വിലക്കുണ്ടെങ്കിലും ശാസ്ത്രലോകം ഈ അദ്ഭുത സസ്യത്തിന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന ഗുണം കൂടി അടുത്തിടെ കണ്ടെത്തുകയുണ്ടായി. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രശസ്ത ശാസ്ത്ര ജേണലായ ‘എസിഎസ് ഒമേഗ’യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ അരിച്ചെടുത്ത് മാറ്റാൻ മുരിങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് പ്രത്യേക ശേഷിയുണ്ട്.
രക്തസമ്മർദം കുറയ്ക്കാനും, കരളിലെ വിഷാംശങ്ങൾ നീക്കാനും, ബാക്ടീരിയകളെ പ്രതിരോധിക്കാനും മുരിങ്ങയ്ക്ക് കഴിവുണ്ടെന്ന് മുൻപ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നമ്മൾ ഏറെ ഗുണപ്രദമെന്ന് കരുതുന്ന പല ഭക്ഷണങ്ങളും രാജ്യാന്തര വിപണിയിലേക്ക് എത്തുമ്പോൾ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാകാറുണ്ട് എന്നതിന്റെ നേർക്കാഴ്ചയാണ് മുരിങ്ങയുടെ ഈ നിരോധനം.
ALSO READ:
- മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ വിലക്കേർപ്പെടുത്തി യുഎഇ
- വിമാനയാത്രക്കാർക്ക് ആശ്വാസം: ഇന്ധനവില നിയന്ത്രിക്കാൻ 10,000 കോടിയുമായി കേന്ദ്ര സർക്കാർ
Englis Summary: Australia and New Zealand have officially implemented a commercial food restrictions policy following the latest Moringa Ban in Australia. Classified as a “novel food” due to insufficient safety data, commercial sales and imports are prohibited, though personal cultivation and certified medicinal supplements remain permitted under strict guidelines.

