Published: Thursday, 11 June 2026 , at 5:03 pm| Dubai | Edited: Thursday, 11 June 2026 , at 5:07 pm
തൃശ്ശൂർ: പറ്റിപ്പുകൾക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. പലതരം പറ്റിപ്പുകൾ പിടികൂടിയ ഈ നാട്ടിൽ നിന്നും പുതിയൊരു തട്ടിപ്പ് കൂടി പോലീസ് വലയിലാക്കിയിരിക്കുകയാണ്. തൃശൂരിലെ ‘കെജിഫ് സ്വാമിയെ കുറിച്ചും അയാൾ ഒരു ഗൾഫ് മലയാളിയെ എങ്ങനെയാണ് ഇരയാക്കിയതെന്നും നോക്കാം (KGF Swamy Gold Scam)..
ALSO READ:
- റിയാദ് – കൊച്ചി റൂട്ടിൽ പുതിയ വിമാനസർവീസ്: ജൂലായ് 2 മുതൽ ആരംഭിക്കും, സമയക്രമം അറിയാം
- താങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ
കെജിഎഫ് സ്വാമി

സ്വർണഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധമായ തങ്കം നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയ ‘കെ ജി എഫ് സ്വാമി’ എന്നറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലത്ത് മനാഴിയിൽ വീട്ടിൽ ഷാജി (61) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്.
സ്വർണ്ണാഭരണ നിർമാണത്തിന്റെ കേരളത്തിലെ പ്രധാന കേന്ദ്രമായ തൃശ്ശൂരാണ് ഷാജി തട്ടിപ്പിനായി തിരഞ്ഞെടുത്തത്. ഇടനിലക്കാരില്ലാതെ ഖനിയിൽ നിന്ന് നേരിട്ട് കൊണ്ടുവരുന്ന തനിത്തങ്കമാണെന്ന് പറഞ്ഞാണ് ഇയാൾ ഇരകളെ വലയിലാക്കിയിരുന്നത്. വിശ്വാസ്യതയ്ക്കായി വെട്ടിത്തിളങ്ങുന്ന സ്വർണക്കട്ടികൾ സാമ്പിളായി കാണിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഒറിജിനലിനെപ്പോലും വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വർണക്കട്ടികളാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ആളുകളിൽ നിന്ന് അഡ്വാൻസായി ലക്ഷക്കണക്കിന് രൂപ വാങ്ങി മുങ്ങുന്നതായിരുന്നു ഇയാളുടെ സ്ഥിരം ശൈലി. ഏറെ നാളായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ താമസം.
5 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ പുറത്തായ തട്ടിപ്പ്

മാടവന സ്വദേശിയായ ഷബീർ എന്ന ഗൾഫ് മലയാളിയുടെ പരാതിയിലാണ് കെ ജി എഫ് സ്വാമി ഇപ്പോൾ കുടുങ്ങിയത്. ഷമീർ എന്ന സുഹൃത്ത് വഴിയാണ് ഷബീർ ഈ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്.
നേരിട്ട് സ്വർണമെടുത്ത് കച്ചവടം നടത്തുന്ന വലിയ വ്യാപാരിയാണ് കെ ജി എഫ് സ്വാമി എന്നായിരുന്നു സുഹൃത്തിന്റെ വിവരണം.ഇതനുസരിച്ച് കഴിഞ്ഞ മാസം 25 മുതൽ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയുമായി 5,05,000 രൂപ ഷബീർ ഇയാൾക്ക് കൈമാറി.
എന്നാൽ പണം നൽകിയിട്ടും സ്വർണം ലഭിക്കാതിരിക്കുകയും, പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പ്രതി ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെടുകയാണെന്ന് ഷബീറിന് മനസ്സിലായത്. തുടർന്ന് ഇയാൾ കൊടുങ്ങല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
പൊലീസിനെപ്പോലും അമ്പരപ്പിച്ച വ്യാജ സ്വർണം

ഷബീറിന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൊടുങ്ങല്ലൂർ പൊലീസ് കെ ജി എഫ് സ്വാമിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പരിശോധിച്ച പൊലീസുകാർ പോലും അമ്പരന്നു പോകുന്ന തരത്തിലുള്ള വ്യാജ സ്വർണക്കട്ടികളാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്.
കൂടാതെ വിവിധ തരം കല്ലുകൾ പതിച്ച ആഭരണങ്ങളും, ആളുകളെ പറ്റിക്കാൻ ഉപയോഗിച്ചിരുന്ന വ്യത്യസ്ത മേൽവിലാസങ്ങളിലുള്ള ഐഡി കാർഡുകളും പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
മുമ്പും സമാനമായ രീതിയിൽ പാറവട്ടിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം ഉപയോഗിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി. പ്രമോദിന്റെ നേതൃത്വത്തിൽ ഷാജിക്കെതിരെ വിപുലമായ അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇയാൾ വേറെയും ആളുകളെ ഇത്തരത്തിൽ ചതിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ALSO READ:
- ഖത്തർ പ്രവാസ ജീവിതം: ഒരു സമ്പൂർണ്ണ വഴികാട്ടി (Complete Handbook for Expats)
- കേരളത്തിലെ കാർ മോഡിഫിക്കേഷൻ: പുതിയ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എന്തൊക്കെ?
English Summary: The Thrissur police arrested a 61 year old man, nicknamed Shaji, in connection with the notorious KGF Swamy Gold Scam. The fraudster cheated a Gulf NRI of ₹5.05 lakh by promising pure gold straight from mines but delivered highly realistic fake gold bars instead.

