Published: Sunday, 22 November 2026 at 10:46 am| Edited: Sunday, 22 November 2026, at 10:56 am
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പ്രചരിപ്പിച്ച ഓൺലൈൻ ഫെയർനെസ് ക്രീം ഉപയോഗിച്ച് മലപ്പുറം അരീക്കോട്ടെ 17 വയസ്സുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്(Fairness Cream Kidney Damage). ഒരിടവേളയ്ക്ക് ശേഷം ഫെയർനെസ് ക്രീമുകൾ വീണ്ടും ചർച്ചാ വിഷയമാവുമ്പോൾ പലരും പ്രതി സ്ഥാനത്ത് നിർത്തുന്നത് ക്രീം വാങ്ങുന്ന ആളുകളെയായിരിക്കും. എന്തിനാണ് വെളുക്കാൻ ക്രീം വാങ്ങിക്കുന്നത്? കറുത്തിരിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്ന പതിവ് ചോദ്യങ്ങൾ തന്നെയാണ് പല ദിക്കുകളിൽ നിന്നുമുയരുന്നത്. എന്നാൽ എന്ത് കൊണ്ടാണ് പലരും കറുത്തിരിക്കാൻ ഭയപ്പെടുന്നത്? കറുപ്പ് മാറ്റിനിർത്തപ്പെടേണ്ട നിറമാണ് എന്ന് ആരാണ് അവരെയൊക്കെ തെറ്റിദ്ധരിപ്പിച്ചത്? നമ്മുടെ സമൂഹം തന്നെയാണ് അതിനുത്തരവാദികൾ.
കളങ്കപ്പെടുത്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ
‘വെളുത്തിട്ട് പാറ്’ എന്ന് ആക്രോശിക്കുന്ന പരസ്യ മുദ്രാവാക്യങ്ങൾ കേവലമൊരു കച്ചവട തന്ത്രങ്ങൾ മാത്രമല്ല, പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന മലയാളി മനസ്സിന്റെ അപകർഷതാബോധത്തെ ചൂഷണം ചെയ്യുന്ന വിപണി തന്ത്രങ്ങൾ കൂടിയാണ്. സായിപ്പിനെപ്പോലെയോ അറബിയെപ്പോലെയോ വെളുത്തു തുടുക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. അവനെ കണ്ടാൽ സായിപ്പിനെ പോലെയുണ്ടെന്ന് കേൾക്കുന്നത് ഒരു അഭിമാനമായി കാണുന്നവരുമുണ്ട്. അതായത്, കറുത്തിരിക്കുക എന്നത് എന്തോ വലിയ പോരായ്മയാണെന്നും വെളുപ്പാണ് അന്തിമ സൗന്ദര്യമെന്നുമുള്ള തെറ്റായ ധാരണ കുത്തിവെക്കാൻ നമ്മുടെ സമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
‘ബ്ലാക്ക് മണി‘, ‘കറുത്ത കരങ്ങൾ’, ‘ബ്ലാക്ക് ലിസ്റ്റ്’ തുടങ്ങിയ വാക്കുകളിലൂടെ കറുപ്പിനെ അക്രമത്തിന്റെയും അനീതിയുടെയും തിന്മയുടെയും പ്രതീകമാക്കാൻ സമൂഹം പണ്ട് മുതലേ ശ്രമിച്ചിട്ടുണ്ട്. കറുത്ത നിറമുള്ളവർ ചില വസ്ത്രങ്ങളോ ഹെയർ സ്റ്റൈലുകളോ ധരിച്ചാൽഎ അതവർക്ക് ചേരില്ലെന്ന് വിധികൽപ്പിക്കുന്ന വിധികർത്താക്കളും കുറവല്ല. ഇളം നിറങ്ങളോ വെള്ളയോ ആണ് സൗന്ദര്യത്തിന്റെയും പ്രസരിപ്പിന്റെയും അടയാളമെന്ന അലിഖിത നിയമം നാം സ്വയം നിർമ്മിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെയാണ് പലരും കറുപ്പിനെ ഭയപ്പെടുന്നതും ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതും.

സിനിമയും സിനിമ ലോകവും എത്ര വികസിച്ചെന്ന് പറഞ്ഞാലും കറുത്ത കഥാപാത്രത്തെ ഏറ്റവും ക്രൂരനായ വില്ലനാക്കി മാറ്റുന്ന സ്ഥിരം പല്ലവി ഇന്നും പൂർണമായും വിട്ട്മാറിയിട്ടില്ല. കറുപ്പിന്റെ പേരിൽ അവഗണന നേരിട്ടു എന്ന് ഇരവാദം പറഞ്ഞ ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ കറുത്ത നിറമുള്ള ഒരു സ്ത്രീ കഥാപാത്രത്തെ നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും ഷെയിം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ആ സിനിമ 200 കോടിയിലേറെ കളക്ഷൻ നേടി എന്നത് മറ്റൊരു യാഥാർഥ്യം.നായകനും നായികയും വെളുത്തു തുടുത്തവരായിരിക്കുമ്പോൾ, കറുത്ത നിറമുള്ളവർ കോമഡി കഥാപാത്രങ്ങളോ അധോലോക ഗുണ്ടകളോ ആയി ചുരുങ്ങുന്നു.
വിവാഹ പരസ്യങ്ങളിലും മാട്രിമോണിയൽ കോളങ്ങളിലും ഇന്നും ‘വെളുത്ത നിറം’, ‘മാനിറം’ തുടങ്ങിയ വാക്കുകൾക്ക് ലഭിക്കുന്ന മുൻഗണന ഈ വർണ്ണവിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.
കറുത്ത നിറമുള്ളവർ കുട്ടിക്കാലം മുതലേ കേൾക്കേണ്ടി വരുന്ന പരിഹാസങ്ങളും താരതമ്യങ്ങളും അവരുടെ ആത്മവിശ്വാസത്തെ തുടക്കത്തിലേ തകർക്കുന്നു. അങ്ങനെ വളരുന്ന കുട്ടി, ഒരാഴ്ച കൊണ്ട് വെളുക്കും എന്ന് പറയുന്ന പരസ്യത്തിലെ ഫെയ്‌സ് ക്രീം വാങ്ങിക്കുന്നതിലോ ഉപയോഗിക്കുന്നതിലോ തെറ്റ് പറയാനാവില്ല. കാരണം, കുട്ടിക്കാലം മുതൽ അവൾ അനുഭവിച്ച ട്രോമ വെളുത്താൽ മാറുമെന്ന് അവൾ വിശ്വസിക്കുന്നു.

‘കറുത്തിട്ടാണെങ്കിലും കാണാൻ നല്ല ഐശ്വര്യമുണ്ട്’ അല്ലെങ്കിൽ ‘കറുപ്പിന് ഏഴഴക്’ എന്ന് പരോക്ഷമായി പറയുമ്പോൾ പോലും കറുപ്പ് അടിസ്ഥാനപരമായി അഴകില്ലാത്തതാണെന്ന വികൃതമായ സങ്കൽപ്പത്തെയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്. അവിടെയും ‘എങ്കിലും’ എന്ന വാക്കിലൂടെ കറുപ്പിനെ ഒരു കുറവായി തന്നെയാണ് അടയാളപ്പെടുത്തുന്നത്. കറുത്തിട്ടും പാറാം, കറുത്തിട്ടും ജീവിതം ആഘോഷിക്കാം എന്ന ലളിതമായ സത്യം ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകാത്ത കാലത്തോളം, ഇത്തരം അപകടകരമായ ക്രീമുകൾക്ക് പിന്നാലെ പായുന്ന തലമുറകൾ ഇവിടെ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനാൽ ആദ്യം കുറ്റപ്പെടുത്തേണ്ടത് ക്രീമുകൾ വാങ്ങിക്കുന്ന ആളുകളെയല്ല, വർണവിവേചനം വെച്ചുപുലർത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ്.
റീലുകളിലെ വാഗ്ദാനങ്ങൾ

ഇന്നത്തെ കാലത്ത് ഇത്തരം സൗന്ദര്യ സങ്കൽപ്പങ്ങളെ ഏറ്റവും വേഗത്തിൽ കുട്ടികളിലേക്കും യുവാക്കളിലേക്കും എത്തിക്കുന്നത് സോഷ്യൽ മീഡിയ റീലുകളും ഇൻഫ്ലുവൻസർമാരുടെ പ്രമോഷനുകളുമാണ്. ‘രണ്ടാഴ്ച കൊണ്ട് നിറം മാറും’, ‘കറുപ്പ് മാറി തെളിച്ചം കിട്ടും’ എന്നൊക്കെ വിശ്വസിപ്പിച്ച് വിൽക്കുന്ന പല ക്രീമുകളിലും മെർക്കുറി പോലെയുള്ള മാരക രാസവസ്തുക്കൾ ഒളിഞ്ഞിരിപ്പുണ്ടാകാം. സുരക്ഷാ മാനദണ്ഡങ്ങളോ ശാസ്ത്രീയ പരിശോധനകളോ ഇല്ലാത്ത ഉൽപ്പന്നങ്ങൾ ചർമ്മത്തിലൂടെ ശരീരത്തിൽ കടന്ന് വൃക്കകളെയും മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.
ALSO READ:
- നേഹാ ബോറ ട്രാൻസ്ജെൻഡറോ? വ്യാജപ്രചാരണങ്ങളും വിവരക്കേടും (The Wide Angle)
- ആധുനിക പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കുന്ന ഹൂതി തന്ത്രം: സൗദി അറേബ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഭാവിയും- The Wide Angle
- അറബ് പണമൊഴുകിയാൽ എല്ലാം ശരിയാകുമോ? ബ്ലാസ്റ്റേഴ്സ് കാണാതെ പോകരുത് ഈ വലിയ അപകടം- The Wide Angle
English Summary: A 17 year old girl in Kerala suffered Fairness Cream Kidney Damage after using an influencer promoted cream containing mercury. This editorial highlights the severe health risks of toxic beauty products while challenging society’s bias against dark skin.

