HomeGULFU A Eഇതിഹാദ് റെയിൽ 2026: ടിക്കറ്റ് നിരക്കുകൾ, സമയവിവരങ്ങൾ; അറിയേണ്ടതെല്ലാം

ഇതിഹാദ് റെയിൽ 2026: ടിക്കറ്റ് നിരക്കുകൾ, സമയവിവരങ്ങൾ; അറിയേണ്ടതെല്ലാം

Author

Date

Category

Published: Thursday, 2 July 2026, at 5:43 pm| Dubai | Edited: Thursday, 2 July 2026, at 5:47 pm

അബുദാബി: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും എളുപ്പത്തിലും കുറഞ്ഞ ചിലവിലും യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യത്തിന്റെ ആദ്യ ദേശീയ റെയിൽ ശൃംഖലയായ ഇതിഹാദ് റെയിൽ (Etihad Rail) തങ്ങളുടെ യാത്രാ സർവീസുകൾ ഔദ്യോഗികമായി ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ അതിവേഗത്തിൽ യുഎഇയിലുടനീളം യാത്ര ചെയ്യാൻ സഹായിക്കുന്ന ഇതിഹാദ് റെയിലിന്റെ റൂട്ടുകൾ, ടിക്കറ്റ് എടുക്കേണ്ട വിധം, ഓഫറുകൾ, വരാനിരിക്കുന്ന സ്റ്റേഷനുകൾ എന്നിവയെല്ലാം വിശദമായി അറിയാം..

ALSO READ:

ഇതിഹാദ് റെയിൽവേയുടെ ചരിത്രം

യുഎഇയുടെ വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഈ റെയിൽവേ പദ്ധതിക്ക് 2009-ലാണ് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ ചരക്ക് നീക്കത്തിന് മാത്രമായിരുന്നു മുൻഗണന. 2016-ൽ പശ്ചിമ മേഖലയിൽ സൾഫർ കൊണ്ടുപോകുന്നതിനായി ഇതിന്റെ ആദ്യ ഘട്ട സർവീസ് ആരംഭിച്ചു.

Etihad Rail
Etihad Rail

രണ്ടാം ഘട്ടത്തിലെ വിജയകരമായ വിപുലീകരണത്തിന് ശേഷം, സാധാരണക്കാർക്കായുള്ള യാത്രാ സർവീസിലേക്ക് റെയിൽവേ ചുവടുവെച്ചു. 2026 ജൂൺ 30-ന് അബുദാബിയിൽ നിന്നും ഫുജൈറയിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ സർവീസ് നടത്തിക്കൊണ്ട് ഇതിഹാദ് റെയിൽ ചരിത്രം കുറിച്ചു.

വേഗതയും യാത്രാ സമയവും

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള 13 അത്യാധുനിക ട്രെയിനുകളാണ് ഈ യാത്രാ സർവീസിനായി അണിനിരത്തിയിരിക്കുന്നത്. എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം പകുതിയിലധികമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

അബുദാബിയിൽ നിന്നും ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് സാധാരണയായി റോഡ് മാർഗ്ഗം മണിക്കൂറുകളോളം ട്രാഫിക്കിൽ കിടക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതിഹാദ് റെയിലിൽ ഈ ദൂരം വെറും 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടിയെത്താം. ചെക്ക് പോയിന്റുകളോ റോഡ് ബ്ലോക്കുകളോ ഇല്ലാതെ സുഖകരമായി ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

സമയവിവരങ്ങൾ

തിങ്കൾ മുതൽ ഞായർ വരെ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 5:00 മണി മുതൽ രാത്രി 11:00 മണി വരെ സ്റ്റേഷനുകൾ പ്രവർത്തിക്കും. നിലവിൽ ഇരുവശങ്ങളിലേക്കും ദിവസേന മൂന്ന് സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

അബുദാബി (മുഹമ്മദ് ബിൻ സായിദ് സിറ്റി) – ഫുജൈറ റൂട്ട്

  • രാവിലെ – 8:19 AM
  • ഉച്ചയ്ക്ക് – 1:53 PM
  • വൈകുന്നേരം – 6:39 PM

ഫുജൈറ (അൽ ഹിലാൽ സിറ്റി) – അബുദാബി റൂട്ട്

  • രാവിലെ – 5:34 AM
  • രാവിലെ – 10:59 AM
  • വൈകുന്നേരം – 5:28 PM

ടിക്കറ്റ് നിരക്കുകളും വമ്പിച്ച ലോഞ്ച് ഓഫറുകളും (Etihad Rail ticket price)

യാത്രാ സർവീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സാധാരണ ടിക്കറ്റ് നിരക്കുകളിലും 50% ലോഞ്ച് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രത്യേക ഇളവുകളുണ്ട്. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മടിയിൽ സൗജന്യമായി യാത്ര ചെയ്യാം.

നിലവിലുള്ള ഡിസ്കൗണ്ട് നിരക്കുകൾ

ക്ലാസ് (Cabin Class)സാധാരണ നിരക്ക് (AED)ഓഫർ നിരക്ക് (AED)
കംഫർട്ട് ക്ലാസ് (Comfort Class)10955
പ്രീമിയം ക്ലാസ് (Premium Class)239120

നിങ്ങളുടെ യാത്രയുടെ സ്വഭാവത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ 3 തരം ടിക്കറ്റ് കാറ്റഗറികളും ലഭ്യമാണ്

  • സേവർ (Saver): കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ്. ഇതിൽ യാത്ര മാറ്റിവെക്കാനോ റീഫണ്ട് ലഭിക്കാനോ സാധിക്കില്ല.
  • വാല്യൂ (Value – അധികമായി 10 ദിർഹം): യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് വരെ സൗജന്യമായി ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താം. സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.
  • ഫ്ലെക്സ് (Flex – അധികമായി 20/30 ദിർഹം): ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് ശേഷവും ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താം. യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പൂർണ്ണ തുകയും തിരികെ ലഭിക്കും.

ALSO READ:

ടിക്കറ്റ് എങ്ങനെ ഓൺലൈനായി ബുക്ക് ചെയ്യാം? (Etihad Rail passenger booking)

ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ യാത്രയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (etihadrail.ae) വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ റിസർവ് ചെയ്യാം.

Etihad Rail
Etihad Rail
  • യാത്രാ വിവരങ്ങൾ നൽകുക: വെബ്‌സൈറ്റോ ആപ്പോ തുറന്ന് യാത്ര പുറപ്പെടുന്ന സ്റ്റേഷനും പോകേണ്ട സ്ഥലവും തീയതിയും തിരഞ്ഞെടുക്കുക.
  • ക്ലാസും കാറ്റഗറിയും തിരഞ്ഞെടുക്കുക: നിങ്ങളുടെ സമയത്തിനനുസരിച്ചുള്ള ട്രെയിൻ കണ്ടെത്തി കംഫർട്ട്/പ്രീമിയം ക്ലാസുകളിൽ ഒന്നും ഒപ്പം ടിക്കറ്റ് ടൈപ്പും (Saver, Value, Flex) ക്ലിക്ക് ചെയ്യുക.
  • വ്യക്തിഗത വിവരങ്ങൾ നൽകുക: യാത്രക്കാരുടെ എമിറേറ്റ്സ് ഐഡിയിൽ (Emirates ID) ഉള്ളതുപോലെ തന്നെയുള്ള പേരും ഫോൺ നമ്പറും ഇമെയിലും നൽകുക.
  • ഷട്ടിൽ ബസ് സൗകര്യം : സ്റ്റേഷനിലേക്ക് വരാൻ ആർടിഎ ബസ് കണക്ഷൻ വേണമെങ്കിൽ അധികമായി 10 ദിർഹം നൽകി ബസ് സർവീസും ഇതോടൊപ്പം ബുക്ക് ചെയ്യാം.
  • പെയ്‌മെന്റ് നടത്തുക: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ മൊബൈൽ വാലറ്റുകൾ ഉപയോഗിച്ച് സുരക്ഷിതമായി പണം അടച്ച് ഡിജിറ്റൽ ടിക്കറ്റ് സ്വന്തമാക്കാം.

ട്രെയിനിലെ സൗകര്യങ്ങൾ

Etihad Rail
Etihad Rail

ഓരോ ട്രെയിനിലും 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ട്രെയിനുകളിൽ സൗജന്യ ഹൈ-സ്പീഡ് വൈഫൈ, ചാർജിങ് പോർട്ടുകൾ, യുഎസ്ബി സ്ലോട്ടുകൾ എന്നിവ ലഭ്യമാണ്. കംഫർട്ട് ക്ലാസിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ട്രോളി സർവീസ് ഉണ്ടാകും. പ്രീമിയം ക്ലാസിൽ വീതിയേറിയ ലെതർ സീറ്റുകൾക്കൊപ്പം സൗജന്യ ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കും.

റെയിൽവേ സ്റ്റേഷനുകൾ ഒരു ആധുനിക എയർപോർട്ടിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ലഭ്യമായ പ്രധാന സൗകര്യങ്ങൾ എന്തല്ലെമെന്ന് അറിയാം..

  • ആധുനിക ബിസിനസ്സ് ലോഞ്ചുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും.
  • കുടുംബങ്ങൾക്കായി പ്രത്യേകം തയാറാക്കിയ ഫാമിലി വെയ്റ്റിങ് ഏരിയകൾ.
  • പ്രാർത്ഥനാ മുറികൾ, കഫറ്റീരിയകൾ, റീട്ടെയിൽ ഷോപ്പുകൾ.
  • ടാക്സി സ്റ്റാൻഡുകളും വിശാലമായ പാർക്കിങ് സൗകര്യവും.

അബുദാബി സ്റ്റേഷനിൽ നിന്നും അഡ്നോക് (ADNOC) ഹെഡ്ക്വാർട്ടേഴ്സ്, അഡ്നെക് (ADNEC) സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് വെറും 10 ദിർഹത്തിന് യാത്ര ചെയ്യാവുന്ന ഫീഡർ ബസ് സൗകര്യങ്ങൾ.

ലഗേജ് പോളിസി

യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജുകളുടെ അളവും നിയമങ്ങളും അറിയാം..

  • ഒരു ചെറിയ പേഴ്സണൽ ബാഗ്: ലാപ്ടോപ്പ് ബാഗോ ഹാൻഡ് ബാഗോ ആകാം (ഇത് നിങ്ങളുടെ മുൻസീറ്റിനടിയിൽ ഒതുങ്ങുന്നതായിരിക്കണം).
  • ഒരു സ്റ്റാൻഡേർഡ് കാരി-ഓൺ ബാഗ്: പരമാവധി വലിപ്പം 55cm x 40cm x 23cm ആയിരിക്കണം (ഇത് സീറ്റിന് മുകളിലുള്ള ലഗേജ് റാക്കിൽ വെക്കണം).
  • ശ്രദ്ധിക്കുക: ബാഗുകൾ ട്രെയിനിലെ വഴികളിലോ എമർജൻസി എക്സിറ്റുകളിലോ തടസ്സമുണ്ടാക്കുന്ന രീതിയിൽ വെക്കാൻ പാടില്ല.

വരാനിരിക്കുന്ന പുതിയ സ്റ്റേഷനുകൾ (Etihad Rail stations UAE)

നിലവിൽ അബുദാബി – ഫുജൈറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ ട്രെയിൻ മറ്റ് എമിറേറ്റുകളിലേക്കും എത്തും. അതിന്റെ ടൈംലൈൻ താഴെ നൽകുന്നു:

  • 2026 സെപ്റ്റംബർ 30: ദുബായ് സ്റ്റേഷൻ (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്), അൽ ദൈദ് സ്റ്റേഷൻ (ഷാർജ) എന്നിവ തുറക്കും.
  • 2026 ഡിസംബർ 30: അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളായ അൽ സില, അൽ ദന്ന, മിർഫ, മദീനത്ത് സായിദ്, ലിവ എന്നിവ പ്രവർത്തനമാരംഭിക്കും.
  • 2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ യുഎഇയിലെ 7 എമിറേറ്റുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് പൂർണ്ണമാകും.

ഫുജൈറയിൽ എത്തിയാൽ എവിടെയൊക്കെ പോകാം?

ട്രെയിൻ മാർഗ്ഗം ഫുജൈറയിൽ എത്തുന്നവർക്ക് അവിടെ എന്തൊക്കെ സന്ദർശിക്കാം? അറിയാം

  • ഫുജൈറ കോട്ട (Fujairah Fort): യുഎഇയിലെ തന്നെ ഏറ്റവും പഴക്കമേറിയ പതിനാറാം നൂറ്റാണ്ടിലെ മൺകോട്ട.
  • സ്നൂപ്പി ഐലൻഡ് (Snoopy Island): സ്കൂബ ഡൈവിങ്, സ്നോർക്കലിങ്, കയാക്കിങ് എന്നിവയ്ക്ക് അനുയോജ്യമായ മനോഹരമായ ദ്വീപ്.
  • അൽ ബിദിയ പള്ളി (Al Bidyah Mosque): 1446-ൽ നിർമ്മിച്ച, യുഎഇയിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രസിദ്ധമായ പള്ളി.
  • വാദി അൽ വുറയ്യ (Wadi Al Wurayah): ഹജർ മലനിരകൾക്കിടയിലുള്ള പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ശുദ്ധജല തടാകങ്ങളും.
  • ഫുജൈറ മ്യൂസിയം: വെങ്കലയുഗം മുതലുള്ള പ്രാദേശിക ചരിത്രശേഷിപ്പുകളും പുരാതന ആയുധങ്ങളും കാണാൻ സാധിക്കുന്ന ഇടം.

ALSO READ:

FAQs


ഇതിഹാദ് റെയിൽ യാത്രാ ടിക്കറ്റുകൾ എവിടെനിന്നും വാങ്ങാം?

ഔദ്യോഗിക വെബ്‌സൈറ്റ് (etihadrail.ae) വഴിയോ ഇതിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി വാങ്ങാം.

നിലവിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എത്രയാണ്?

തുടക്കത്തോടനുബന്ധിച്ചുള്ള ഓഫർ പ്രകാരം കംഫർട്ട് ക്ലാസിൽ ഒരു വശത്തേക്ക് വെറും 55 ദിർഹത്തിന് യാത്ര ചെയ്യാം.

അബുദാബിയിൽ നിന്നും ഫുജൈറയിലേക്ക് എത്താൻ എത്ര സമയമെടുക്കും?

ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തും.

ദുബായിലെ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ എപ്പോഴാണ് തുറക്കുക?

ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ 2026 സെപ്റ്റംബർ 30-ന് ഔദ്യോഗികമായി തുറക്കും.

കുട്ടികൾക്ക് ട്രെയിനിൽ ടിക്കറ്റ് എടുക്കണമെന്നുണ്ടോ?

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല, അവർക്ക് സൗജന്യമായി യാത്ര ചെയ്യാം.

English Summary: The UAE has officially launched its landmark national railway network. Travelers can now easily book Etihad Rail passenger tickets online for the newly active Abu Dhabi to Fujairah route, featuring high speed modern luxury, affordable promotional launch fares, and an extensive multi emirate expansion plan rolling out through 2027.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments