Published: Friday, 26 June 2026, at 3:24 pm | Dubai | Edited: Friday, 26 June 2026 , at 3:27 pm
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെത്തുന്ന രാജ്യാന്തര വിമാന യാത്രക്കാർക്കായി ‘എയർ സുവിധ 2.0’ പോർട്ടൽ കേന്ദ്ര സർക്കാർ പുനരാരംഭിച്ചു (Air Suvidha 2.0 Reintroduced). വിദേശത്തുനിന്നും നാട്ടിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും പൂരിപ്പിക്കേണ്ട ഈ ആരോഗ്യ സ്വയംസാക്ഷ്യപത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.
ALSO READ:
- ഇന്ത്യൻ പാസ്പോർട്ട് പൗരത്വ രേഖയല്ലെന്നു വിദേശകാര്യ മന്ത്രാലയം: അങ്ങനെയങ്കിൽ നമ്മുടെ പൗരത്വം തെളിയിക്കാൻ ഇനി ഈ രേഖകളും കയ്യിലുണ്ടാവണം
- എമിറേറ്റ്സ് എയർവേയ്സിൽ ജോലി ഒഴിവുകൾ: ഇന്ത്യയിലും ഇന്റർവ്യൂകൾ; എങ്ങനെ അപേക്ഷിക്കാം? അറിയാം….
എന്താണ് എയർ സുവിധ 2.0?

കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ പ്രതിരോധ നടപടികൾ കർശനമാക്കിയത്. വിദേശത്തുനിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും ഇമിഗ്രേഷൻ പരിശോധനയ്ക്ക് മുൻപായി ഈ ഡിജിറ്റൽ ഫോം സമർപ്പിച്ചിരിക്കണം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ഡയൽ) ചേർന്നാണ് നവീകരിച്ച ഈ പോർട്ടൽ സജ്ജമാക്കിയത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും സ്പർശനരഹിതമായി അതിവേഗം പരിശോധനകൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഈ സംവിധാനത്തിൽ താഴെ പറയുന്ന കാര്യങ്ങളാണ് യാത്രക്കാർ ചെയ്യേണ്ടത്

- സമയപരിധി: യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഈ സ്വയംസാക്ഷ്യപത്രം ഓൺലൈനായി പൂരിപ്പിക്കാവുന്നതാണ്.
- രേഖപ്പെടുത്തേണ്ട വിവരങ്ങൾ: കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ, എബോള രോഗികളുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം, നിലവിൽ നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ നൽകേണ്ടത്.
- കൈവശം കരുതേണ്ടവ: വിമാനത്തിൽ കയറുന്നതിന് മുൻപോ വെബ് ചെക്ക്-ഇൻ സമയത്തോ ഫോം പൂരിപ്പിച്ച് അതിന്റെ ഡിജിറ്റൽ പകർപ്പോ (PDF) പ്രിന്റൗട്ടോ കൈവശം കരുതണം. ഇന്ത്യയിലെത്തുമ്പോൾ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിക്കേണ്ടതുണ്ട്.
അതിവേഗ നിരീക്ഷണ സംവിധാനം

പുതിയ പോർട്ടൽ വഴി യാത്രക്കാർ നൽകുന്ന വിവരങ്ങൾ തത്സമയം തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, രോഗനിരീക്ഷണ ഉദ്യോഗസ്ഥർ എന്നിവർക്ക് ലഭ്യമാകും. ഇത് വഴി രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെയും ലക്ഷണങ്ങൾ ഉള്ളവരെയും വേഗത്തിൽ കണ്ടെത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ അധികൃതർക്ക് സാധിക്കും. മുൻപ് കോവിഡ് സമയത്ത് ഏർപ്പെടുത്തിയതിന് സമാനമായ സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോൾ രാജ്യാന്തര വിമാനത്താവളങ്ങളിൽ വീണ്ടും കർശനമാക്കിയിരിക്കുന്നത്.
ശ്രദ്ധിക്കുക: കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമല്ല. എല്ലാരാജ്യാന്തര യാത്രകൾക്കും ഈ നിയമം ബാധകമാണ്.
ALSO READ:
- നവി മുംബൈയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് സർവീസുകൾ: പുതിയ പ്രഖ്യാപനവുമായി എയർ ഇന്ത്യ
- ഇന്ത്യയെ ആഗോള പ്രതിരോധ ഹബ്ബാക്കാൻ ഐഎഐ (IAI): തമിഴ്നാട്ടിൽ അത്യാധുനിക റഡാർ നിർമാണ കേന്ദ്രം ഒരുങ്ങുന്നു
English Summary: To curb the spread of Ebola, India has officially mandated that Air Suvidha 2.0 Reintroduced for all inbound international passengers. Travelers must submit their 21 day travel history and health self-declaration forms online through the updated digital portal at least 24 hours prior to their departure.

