Published: Monday, 8 June 2026, at 4:15 pm| Dubai | Edited: Monday, 8 June 2026, at 4:17 pm
സാധ്യതകളുടെ പറുദീസയാണ് യുഎഇ. അതിനാൽ യുഎഇ കാണാൻ പലർക്കും ആഗ്രഹമുണ്ടാവും. എന്നാൽ ഇതിനായി വിസിറ്റിങ് വിസ (UAE visit visa 2026) ആവശ്യമാണെന്ന കാര്യം അറിയാമല്ലോ. വിസ നടപടി ക്രമങ്ങൾ എളുപ്പമാണെങ്കിലും നിയമങ്ങൾ എല്ലായിപ്പോഴും കർക്കശമാണ്. അതിനാൽ യുഎഇ വിസിറ്റിങ് വിസയെ പറ്റി കൂടുതലറിയുക എന്നത് അത്യാവശ്യമാണ്. ഈ ആർട്ടിക്കിളിൽ നമ്മുക്കത് പരിശോധിക്കാം..
ALSO READ:
- വിസ കഴിഞ്ഞും യുഎഇയിൽ എത്ര മാസം പിഴയില്ലാതെ തുടരാം? ഗ്രേസ് പീരിയഡ് ഓൺലൈനായി പരിശോധിക്കാനുള്ള എളുപ്പപണികൾ ഇതാ…
- UAE New Visa Rules 2026: യുഎഇയിൽ പുതിയ വിസ പരിഷ്കാരം; സന്ദർശകർക്ക് ഇനി 60 ദിവസം താമസിക്കാം!
വിവിധ തരം വിസിറ്റിംഗ് വിസകൾ
യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് (ടൂറിസം, ജോലി അന്വേഷണം, ബിസിനസ്സ്, ബന്ധുക്കളെ സന്ദർശിക്കൽ) വിവിധ തരം വിസിറ്റിംഗ് വിസകൾ ലഭ്യമാണ്. നിലവിൽ 30 ദിവസം അല്ലെങ്കിൽ 60 ദിവസം കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് പ്രധാനമായും ഉള്ളത്. ഇതിനുപുറമേ യോഗ്യരായ ഇന്ത്യക്കാർക്ക് 14 ദിവസത്തെ വിസ ഓൺ അറൈവൽ സൗകര്യവും യുഎഇ ഒരുക്കുന്നുണ്ട്.
വിസയുടെ പ്രധാന തരങ്ങൾ
- 30 ദിവസത്തെ വിസ: യുഎഇയിൽ ചുരുങ്ങിയ കാലത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിസ തിരഞ്ഞെടുക്കാം. ഒറ്റത്തവണ യാത്രയ്ക്കുള്ള സിംഗിൾ എൻട്രി വിസയായോ, ഒന്നിലധികം തവണ വന്ന് പോകാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസയായോ ഇത് ലഭ്യമാണ്.
- 60 ദിവസത്തെ വിസ: കൂടുതൽ ദിവസം യുഎഇയിൽ തങ്ങേണ്ടവർക്കായാണ് 60 ദിവസത്തെ വിസകൾ അനുവദിക്കുന്നത്. ജോലി അന്വേഷിച്ച് എത്തുന്നവർക്കും ബന്ധുക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വിസ ഏറെ ഉപകാരപ്പെടും.
- വിസ ഓൺ അറൈവൽ: സാധാരണ പാസ്‌പോർട്ട് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎസ്എ വിസ, ഗ്രീൻ കാർഡ്, യുകെ വിസ, അല്ലെങ്കിൽ ഷെൻഗൻ വിസ എന്നിവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ യുഎഇ എയർപോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ 14 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും.
- 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ: വിനോദസഞ്ചാര ആവശ്യങ്ങൾക്കായി അഞ്ചു വർഷത്തേക്ക് അനുവദിക്കുന്ന പ്രത്യേക വിസയാണിത്. ഇത് ലഭിക്കുന്നതിന് അപേക്ഷകന് കുറഞ്ഞത് 4,000 യുഎസ് ഡോളറിന്റെ (അല്ലെങ്കിൽ തത്തുല്യമായ തുക) ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.
ആവശ്യമായ പ്രധാന രേഖകൾ (UAE visit visa requirements)

യുഎഇ വിസിറ്റിങ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് എന്തെല്ലാം രേഖകൾ വേണം? പരിശോധിക്കാം..
- പാസ്‌പോർട്ട്: യാത്ര തിരിക്കുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള ഒറിജിനൽ പാസ്‌പോർട്ട്.
- ഫോട്ടോ: വെളുത്ത പശ്ചാത്തലത്തിലുള്ള പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.
- വിമാന ടിക്കറ്റ്: യുഎഇയിലേക്ക് വരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള കൺഫേംഡ് വിമാന ടിക്കറ്റ്.
- താമസ സൗകര്യം: യുഎഇയിൽ താമസിക്കുന്ന ഹോട്ടലിന്റെ ബുക്കിംഗ് രേഖകൾ. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെയാണ് താമസിക്കുന്നതെങ്കിൽ അവരുടെ എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും ആവശ്യമാണ്.
- സാമ്പത്തിക തെളിവ്: യുഎഇയിൽ തങ്ങുന്ന സമയത്തെ ചിലവുകൾക്കായി കുറഞ്ഞത് 3,000 ദിർഹമോ അതിന് തുല്യമായ തുകയോ കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അതിന് തുല്യമായ തുക കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം. ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡ് ആവാം.
- ട്രാവൽ ഇൻഷുറൻസ്: യുഎഇയിൽ സാധുതയുള്ള മെഡിക്കൽ/ആരോഗ്യ ഇൻഷുറൻസ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർബന്ധമാണ്.
NB: വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എല്ലാ രേഖകളും കൃത്യവും വ്യക്ത്വവും ആയിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ വിസ അപേക്ഷ തള്ളിക്കളയാനുള്ള സാധ്യതകളുണ്ട്. കൂടാതെ റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യം, സാമ്പത്തിക തെളിവ്, ട്രാവൽ ഇൻഷുറൻസ് എന്നിവ എയർപോർട്ടിൽ പരിശോധിക്കും. ഇതൊന്നും കൃത്യമല്ല എങ്കിൽ എയർപോർട്ടിൽ നിന്ന് തന്നെ തിരിച്ചയക്കാനുള്ള സാധ്യതകളുണ്ട്.
അപേക്ഷിക്കേണ്ട വിധം
യുഎഇ വിസിറ്റിങ് വിസയ്ക്കായി പ്രധാനമായും മൂന്ന് വഴികളിലൂടെ അപേക്ഷിക്കാം. എമിറേറ്റ്സ്, എയർ ഇന്ത്യ , ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതോടൊപ്പം വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ ഗവൺമെന്റ് അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എങ്ങനെ വിസ പുതുക്കാം..
യുഎഇ വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് വിസ ഇൻസൈഡ് കൺട്രി ആയി പുതുക്കുകയോ അല്ലെങ്കിൽ ഒമാൻ പോലുള്ള അയൽരാജ്യങ്ങളിലേക്ക് പോയി തിരിച്ചുവരികയോ ചെയ്ത് വിസ പുതുക്കാം. ഇതിനായി താഴെ പറയുന്ന വഴികൾ ഉപയോഗിക്കാം
- ആപ്പുകൾ വഴി നേരിട്ട്: ദുബായ് വിസയാണെങ്കിൽ ജിഡിആർഎഫ്എ (GDRFA Dubai) ആപ്പ് വഴിയും, മറ്റ് എമിറേറ്റുകളിലെ വിസയാണെങ്കിൽ യുഎഇ ഐസിപി (UAE ICP) ആപ്പ് വഴിയും ഓൺലൈനായി വിസ പുതുക്കാൻ അപേക്ഷിക്കാം.
- ട്രാവൽ ഏജൻസികൾ വഴി: ഏറ്റവും എളുപ്പമുള്ള വഴി യുഎഇയിലെ അംഗീകൃത ട്രാവൽ ഏജൻസികളെ സമീപിക്കുക എന്നതാണ്, അവർ ഒമാൻ എക്സിറ്റ് പാക്കേജുകളോ ഇൻസൈഡ് കൺട്രി വിസ മാറ്റങ്ങളോ വേഗത്തിൽ ചെയ്തുതരും.
- ആവശ്യമായ രേഖകൾ: നിലവിലുള്ള വിസിറ്റിങ് വിസയുടെ കോപ്പി, പാസ്‌പോർട്ടിന്റെ മുൻപിലെയും പുറകിലെയും പേജുകളുടെ വ്യക്തമായ കോപ്പി (6 മാസത്തെ കാലാവധി വേണം), വെള്ള ബാക്ക് ഗ്രൗണ്ടിലുള്ള ഫോട്ടോ എന്നിവയാണ് ഇതിനായി നൽകേണ്ടത്.
- നിങ്ങളുടെ നിലവിലെ വിസ കാലാവധി തീരുന്നതിന് മുൻപ് തന്നെ ഈ നടപടികൾ പൂർത്തിയാക്കിയാൽ ഓവർസ്റ്റേ പിഴകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.
പിഴ (UAE visa overstay fine 2026)

യുഎഇയുടെ ഏറ്റവും പുതിയ നിയമപ്രകാരം ടൂറിസ്റ്റ് വിസക്കാർക്കും റെസിഡൻസ് വിസക്കാർക്കും ഒരേ നിരക്കിലാണ് പിഴ ഈടാക്കുന്നത്. പ്രതിദിനം 50 ദിർഹമാണ് പിഴ. ഈ തുകയ്ക്ക് പുറമെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി ഏകദേശം 250 മുതൽ 320 ദിർഹം വരെ അധികമായി ഒടുക്കേണ്ടി വരും.
റെസിഡൻസ് വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കുന്നതിനോ രാജ്യം വിടുന്നതിനോ വേണ്ടി 30 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ 30 ദിവസത്തിനുള്ളിൽ പിഴ ഈടാക്കില്ല. എന്നാൽ വിസിറ്റിങ് വിസക്കാർക്ക് നിലവിൽ ഇങ്ങനെയുള്ള ഗ്രേസ് പിരീഡ് ലഭ്യമല്ല; വിസ കാലാവധി തീരുന്നതിന്റെ പിറ്റേ ദിവസം മുതൽ തന്നെ ഈ പിഴ ഈടാക്കിത്തുടങ്ങും. അതിനാൽ വിസ കാലാവധി കഴിയും മുമ്പേ വിസ പുതുക്കുകയോ, രാജ്യം വിടുകയോ ചെയ്യുക.
അഡിഷണൽ ടിപ്സ്
യുഎഇ വിസിറ്റിങ് വിസയിൽ എത്തുന്നവരും അവിടെ തുടരാൻ ആഗ്രഹിക്കുന്നവരും നിയമപരമായ പ്രശ്നങ്ങളും പിഴകളും ഒഴിവാക്കാൻ താഴെ പറയുന്ന പ്രധാന കാര്യങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

- ലാസ്റ്റ് ഡേറ്റ് കൃത്യമായി മനസ്സിലാക്കുക: നിങ്ങളുടെ വിസയിൽ കാണിച്ചിരിക്കുന്ന ‘Expiry Date’ എന്നത് നിങ്ങൾ യുഎഇയിൽ താമസിക്കേണ്ട അവസാന തീയതിയാണ്. എന്നാൽ നിങ്ങൾ യുഎഇയിൽ എത്തിക്കഴിഞ്ഞാൽ എത്ര ദിവസം തങ്ങാം എന്നത് നിങ്ങളുടെ വിസ ടൈപ്പിനെ ആശ്രയിച്ചിരിക്കും. വിമാനത്താവളത്തിൽ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന തീയതി അല്ലെങ്കിൽ ഓൺലൈൻ ഐസിപി (ICP) സ്റ്റാറ്റസ് നോക്കി രാജ്യത്തുനിന്ന് പുറപ്പെടേണ്ട കൃത്യമായ ദിവസം ഉറപ്പുവരുത്തുക.
- കൃത്യസമയത്ത് വിസ മാറ്റുക: നിങ്ങൾ വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്തുകയാണെങ്കിൽ, വിസ കാലാവധി തീരുന്നതിന് മുൻപ് തന്നെ കമ്പനിയോട് വിസ മാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെടുക. അവസാന ദിവസങ്ങളിലേക്ക് മാറ്റിവെച്ചാൽ സിസ്റ്റം ഡിലേ കാരണവും മറ്റും ഓവർസ്റ്റേ ഫൈൻ വരാൻ സാധ്യതയുണ്ട്.
- അനധികൃതമായി ജോലി ചെയ്യരുത്: യുഎഇ നിയമപ്രകാരം വിസിറ്റിങ് വിസയിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് കടുത്ത നിയമലംഘനമാണ്. ഔദ്യോഗികമായി കമ്പനിയുടെ ഓഫർ ലെറ്ററോ അല്ലെങ്കിൽ താൽക്കാലിക വർക്ക് പെർമിറ്റോ ലഭിച്ചതിനു ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ. അല്ലാത്തപക്ഷം വലിയ തുക പിഴയും നാടുകടത്തലും നേരിടേണ്ടി വരാം.
- പാസ്‌പോർട്ട് കാലാവധി എപ്പോഴും കരുതുക: വിസ പുതുക്കാനോ പുതിയ വിസയിലേക്ക് മാറാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. അതിൽ കുറവാണെങ്കിൽ യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ്/എംബസി വഴി പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം മാത്രമേ വിസ നടപടികളിലേക്ക് കടക്കാൻ സാധിക്കൂ.
- യാത്രാ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുക: നിങ്ങളുടെ വിസ, ഇൻഷുറൻസ്, പാസ്‌പോർട്ട് കോപ്പി എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ എപ്പോഴും നിങ്ങളുടെ ഫോണിലോ ഇമെയിലിലോ സൂക്ഷിക്കുക. അടിയന്തിര ഘട്ടങ്ങളിൽ ഇത് വളരെ സഹായകരമാകും.
ALSO READ
എമിറേറ്റ്സ് ഐഡി എങ്ങനെ പുതുക്കാം?: പ്രവാസികൾക്കുള്ള സമ്പൂർണ ഗൈഡ്
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? പിഴ എങ്ങനെ പരിശോധിക്കാം? ഗൈഡ്
NB: 2026 ജൂൺ 8 ന് തയാറാക്കിയ ലേഖനമാണിത്. നിലവിലെ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ആർട്ടിക്കിൾ തയാറാക്കിയിരിക്കുന്നത്. ഭാവിയിൽ ഈ നിയമങ്ങളിൽ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ വിസ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കുക
FAQ
വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ ഒമാൻ വഴി എക്സിറ്റ് ചെയ്യാൻ സാധിക്കുമോ?
അതെ, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഒമാൻ എയർപോർട്ട് ടു എയർപോർട്ട് എക്സിറ്റ് പാക്കേജുകൾ എടുത്ത് വിസ എളുപ്പത്തിൽ പുതുക്കാം.
വിസിറ്റ് വിസയിലെത്തിയ എനിക്ക് യുഎഇയിൽ വെച്ച് തന്നെ സ്വന്തമായി ഇൻഷുറൻസ് പുതുക്കാൻ സാധിക്കുമോ?
അതെ, വിസ പുതുക്കുന്ന സമയത്ത് യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈനായി ഇൻഷുറൻസ് പുതുക്കാം.
ഓവർസ്റ്റേ പിഴകൾ ഓൺലൈനായി എവിടെയാണ് പരിശോധിക്കേണ്ടത്?
ദുബായ് വിസയാണെങ്കിൽ GDRFA വെബ്സൈറ്റ് വഴിയും, മറ്റ് എമിറേറ്റുകളിലെ വിസയാണെങ്കിൽ ICP പോർട്ടൽ വഴിയും പിഴകൾ ഓൺലൈനായി പരിശോധിക്കാം.
English Summary: A comprehensive 2026 guide to UAE visit visas, covering 30 day, 60 day, multiple entry, and visa on arrival options. It details essential document requirements, application steps, and inside country or airport to airport renewal processes, while highlighting daily overstay fines and crucial legal compliance tips for travellers.

