Published: Monday, 13 April 2026, at 11:13 pm| Dubai | Edited: Monday, 13 April 2026, at 12:13 pm
ഹൈദരാബാദ്: ക്രിക്കറ്റ് ലോകത്ത് ഇന്നലെ വരെ അധികമാരും കേട്ടിട്ടില്ലാത്ത പേരായിരുന്നു പ്രഫുൽ ഹിംഗേ എന്നത്. എന്നാൽ ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ഈ വിദർഭക്കാരൻ ആരാധകരുടെ ഹരമായി മാറിയിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഐപിഎൽ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച പ്രഫുൽ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ തുറുപ്പുചീട്ടായാണ് മാറിയിരിക്കുന്നത് (Who is Praful Hinge).
ALSO READ: IPL 2026:’ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് അവൻ ടീമിലുള്ളത്’; രൂക്ഷവിമർശനവുമായി ശ്രീകാന്ത്
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? പിഴ എങ്ങനെ പരിശോധിക്കാം? ഗൈഡ്
സ്വപ്നതുല്യമായ അരങ്ങേറ്റം

രാജസ്ഥാൻ റോയൽസിനെതിരെ 216 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ ഹൈദരാബാദിനായി നായകൻ ഇഷാൻ കിഷൻ പന്ത് ഏൽപ്പിച്ചത് അരങ്ങേറ്റക്കാരനായ പ്രഫുലിനെയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രഫുലിന് ഒരു പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ.
നേരിട്ട ആദ്യ പന്തിൽ തന്നെ അപകടകാരിയായ വൈഭവ് സൂര്യവംശിയെ പുറത്താക്കി താരം ഞെട്ടിച്ചു. ആ ഓവറിലെ നാലാം പന്തിൽ ധ്രുവ് ജുറെലിനെയും അവസാന പന്തിൽ ലുവാൻ ഡ്രെ പ്രെട്ടോറിയസിനെയും വീഴ്ത്തിയതോടെ ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോർഡ് പ്രഫുൽ സ്വന്തമാക്കി.
തൊട്ടടുത്ത ഓവറിൽ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിനെ കൂടി മടക്കിയതോടെ തന്റെ ആദ്യ 12 പന്തുകൾക്കുള്ളിൽ താരം നാലു വിക്കറ്റുകൾ തികച്ചു.
വിദർഭയിൽ നിന്നുള്ള പോരാളി

വിദർഭയിൽ നിന്നുള്ള ഈ യുവ പേസറുടെ വളർച്ച കഠിനാധ്വാനത്തിന്റെ കഥയാണ്. 13-ാം വയസ്സിൽ ഫാസ്റ്റ് ബൗളറാകാൻ തീരുമാനിച്ച പ്രഫുൽ, 16-ാം വയസ്സിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ എത്തിയതോടെയാണ് തന്റെ കഴിവുകൾ മിനുക്കിയെടുത്തത്. കോച്ച് സഞ്ജീവിൻ്റെ കീഴിലായിരുന്നു താരത്തിന്റെ പരിശീലനം.
അണ്ടർ 19 ട്രയൽസിൽ 36 വിക്കറ്റുകൾ നേടി തിളങ്ങിയെങ്കിലും കോവിഡ് ലോക്ക്ഡൗൺ താരത്തിന്റെ കരിയറിന് വലിയൊരു തടസ്സമായി മാറി. എന്നാൽ തോറ്റു പിന്മാറാൻ തയ്യാറല്ലാത്ത പ്രഫുൽ പിന്നീട് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ എത്തിയത് കരിയറിലെ വലിയ വഴിത്തിരിവായി മാറി.
ALSO READ: റോഡിലെ ആഘോഷങ്ങൾക്ക് പൂട്ടിട്ട് അബുദാബി പൊലീസ്; നിയമലംഘകർക്ക് 2000 ദിർഹം പിഴയും ശിക്ഷയും
‘ജനനായകൻ’ ചോർന്ന സംഭവം:പ്രതികരണവുമായി നടൻ സൂര്യ
വരുൺ ആരോണിന്റെ കണ്ടെത്തൽ

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായ വരുൺ ആരോണാണ് പ്രഫുലിനെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ പ്രഫുൽ നടത്തിയ മികച്ച പ്രകടനമാണ് വരുൺ ആരോണിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വിദർഭയ്ക്കായി കളിച്ച 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ പ്രഫുൽ സ്വന്തമാക്കിയിട്ടുണ്ട്. വരുൺ ആരോണിന്റെ നിർദ്ദേശപ്രകാരം സൺറൈസേഴ്സിന്റെ ട്രയൽസിൽ പങ്കെടുത്ത താരം അവിടെയും മികവ് കാട്ടി. ഇതോടെ കഴിഞ്ഞ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്.
തന്നിൽ വിശ്വസിച്ച മാനേജ്മെന്റിനും കോച്ചുമാർക്കും മനോഹരമായ ഒരു വിജയത്തിലൂടെയാണ് പ്രഫുൽ നന്ദി പറഞ്ഞിരിക്കുന്നത്. വേഗതയും കൃത്യതയും ഒത്തുചേരുന്ന പ്രഫുലിന്റെ ബൗളിംഗ് ശൈലി വരും മത്സരങ്ങളിലും ഹൈദരാബാദിന് വലിയ കരുത്താകുമെന്നുറപ്പാണ്.
ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? പ്രതികരണവുമായി അധികൃതർ
English summary: Vidarbha pacer Praful Hinge made a sensational debut in IPL 2026 for SRH. By picking three wickets in his very first over against Rajasthan Royals, he became the first bowler to achieve this feat. Everyone is asking Who is Praful Hinge, the talent discovered by Varun Aaron.
