Published:Saturday, 26 September 2026, at 1:31 pm| Dubai | Edited:Saturday, 26 September 2026, at 1:40 pm
സോഷ്യൽ മീഡിയയുടെ പുതിയ ഇര നടൻ മമ്മൂട്ടിയാണ്. ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ സന്ദർശിച്ചതും ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളുമാണ് നടനെതിരെയുള്ള വേട്ടയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ അതിജീവിച്ചവർക്ക് അന്നത്തെ ഇടത് സർക്കാർ നൽകിയ വീടുകൾ സന്ദർശിക്കാനെത്തിയപ്പോൾ, കൂടെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വയനാട് ജില്ലാ സെക്രട്ടറി റഫീക്കിനോട് മാറിനിൽക്കാൻ പറഞ്ഞതും അദ്ദേഹത്തിനെതിരെയുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. ഒപ്പം മീഡിയ വൺ എന്ന ചാനലിന്റെ രാഷ്ട്രീയ നിരീക്ഷണവും.
എന്നാൽ താരങ്ങൾക്കതിരെയുള്ള അധിക്ഷേപശരങ്ങളും വിചാരണകളും സോഷ്യൽ മീഡിയയിൽ പുതുമയുള്ള കാര്യമല്ല. കുറച്ചുകാലം മുൻപ് ഇതേ സൈബർ പ്ലാറ്റ്ഫോമുകളിൽ കടുത്ത വേട്ടയാടൽ നേരിട്ട മറ്റൊരു നടനാണ് മോഹൻലാൽ. കാലവും സിനിമയും മാറുമ്പോഴും മലയാളി തന്റെ പ്രതിബിംബങ്ങളെ സ്നേഹിക്കാനും അതിലേറെ വേഗത്തിൽ വെറുത്ത് തല്ലിയുടയ്ക്കാനും കാട്ടുന്ന വന്യമായ ആൾക്കൂട്ട വിചാരണാ മനോഭാവത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല എന്നാണ് മമ്മൂട്ടിയ്ക്കെതിരെയുള്ള പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

തങ്ങളുടെ കഴിവും അധ്വാനവും കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഇന്ന് മലയാള സിനിമയുടെ സിംഹാസനത്തിൽ സ്ഥാനം ഉറപ്പിച്ചത്. മലയാളികൾ അവരുടെ ഹൃദയത്തിൽ ഇരുവർക്കും ഇടം കൊടുത്തു എന്നതും വാസ്തവമാണ്. എന്നാൽ ഈ സ്നേഹത്തോടൊപ്പം ഒരു വ്യക്തിയെ പൂർണ്ണമായും സ്വന്തമാക്കണമെന്ന സ്വാർത്ഥമായ ഉടമസ്ഥബോധം കൂടി മലയാളി വളർത്തിയെടുത്തു. അയാൾ തന്റെ പ്രതീക്ഷകൾക്കൊത്ത് നിലകൊണ്ടില്ലെങ്കിൽ വിചാരണ ചെയ്യാനും അപമാനിക്കാനുമുള്ള അധികാരവും തങ്ങൾക്കുണ്ടെന്ന മിഥ്യാധാരണയിലാണ് ഈ സൈബർ അധിക്ഷേപങ്ങൾ വേരൂന്നിനിൽക്കുന്നത്.
സിനിമയ്ക്കപ്പുറമുള്ള മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാടുകൾ വ്യത്യസ്തമാണ്. മോഹൻലാലിന്റെ രാഷ്ട്രീയ നിലപാടുകൾ എപ്പോഴും ആശയക്കുഴപ്പങ്ങളുടെ ഒരു തടവറയ്ക്കുള്ളിലായിരുന്നു. താൻ എവിടെ നിൽക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള വിമുഖതയോ അല്ലെങ്കിൽ എല്ലാവരെയും ഒരേപോലെ തൃപ്തിപ്പെടുത്താനുള്ള ആഗ്രഹമോ അദ്ദേഹത്തെ ഒരു കുരുക്കിൽ പെടുത്തി. എന്നാൽ മമ്മൂട്ടി ഇതിൽ വ്യത്യസ്തമാണ്.
താൻ ഒരു ലിബറൽ ലെഫ്റ്റിസ്റ്റ് ആണെന്ന് തുറന്നുപറയാൻ മടിക്കാത്ത അദ്ദേഹം, താൻ എന്താണെന്ന് സ്ഥാപിക്കാൻ ആരോടും യാചിച്ചില്ല. തന്റെ നിലപാടുകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നദ്ദേഹം ചിന്തിച്ചില്ല. അത് കൊണ്ട് തന്നെ അമേരിക്കയിൽ ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ കണ്ട അതേ മനോഭാവത്തിൽ ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ അദ്ദേഹത്തിന് തെല്ലും മടിയുണ്ടായില്ല.

മമ്മൂട്ടിയുടെ നിലപാടുകളും പ്രവർത്തികളും പലരെയും സന്തോഷിപ്പിക്കുന്നതല്ല എങ്കിലും എല്ലാവരെയും സന്തോഷിപ്പിക്കാൻ സ്വന്തം നിലപാടുകൾ മൂടിവെക്കുന്നില്ല എന്നതാണ് അദ്ദേഹത്തിൻറെ പ്രത്യകത.
മമ്മൂട്ടി എന്ന നടനെ നമ്മുക്കാസ്വദിക്കാം..അതിനപ്പുറം അദ്ദേഹം വ്യക്തിജീവിതത്തിൽ എന്ത് ചെയ്യുന്നു, എന്ത് ചെയ്യുന്നില്ല എന്നത് പൂർണ്ണമായും അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. ആ നിലപാടുകൾ നമ്മളിൽ ചിലർക്ക് അനുകൂലമായോ അല്ലാത്തതായോ തോന്നാം.മമ്മൂട്ടിയെന്ന നടൻ ഒരു കാര്യം ചെയ്തതുകൊണ്ടോ ചെയ്യാത്തതുകൊണ്ടോ ഇവിടെ ഏതെങ്കിലും ഒരു ആശയമോ വിശ്വാസമോ പെട്ടെന്ന് വളരുകയോ തളരുകയോ ചെയ്യുന്നില്ല. അത്രയേറെ ലളിതമായ ഒരു കാര്യത്തെയാണ് സൈബർ ഇടങ്ങൾ രാഷ്ട്രീയ വടംവലിയാക്കി മാറ്റുന്നത്.
മമ്മൂട്ടിയോട് പല കാര്യങ്ങളിലും വിയോജിപ്പുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ ആരാധകരുടെ കൈയടിയോ വിമർശകരുടെ കയ്യേറ്റങ്ങളോ ഭയന്ന് ഓരോ വാക്കും ചുവടും മാറ്റിപ്പിടിക്കാത്ത, സ്വന്തം സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന മമ്മൂട്ടി എന്ന മനുഷ്യന്റെ ആന്തരികമായ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു.
ഒരു കലാകാരൻ ആരാധനയുടെ അടിമയല്ല, മറിച്ച് സ്വന്തം ജീവിതത്തിന്റെയും ചിന്തകളുടെയും യജമാനനാണ്. അയാൾക്ക് അയാളുടേതായ സൗഹൃദങ്ങളും വിയോജിപ്പുകളും സ്വാതന്ത്ര്യങ്ങളുമുണ്ട്. നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ സ്തുതിപാടുകയും അല്ലാത്തപ്പോൾ കല്ലെറിയുകയും ചെയ്യുന്നത് സ്നേഹമല്ല, മറിച്ച് ആൾക്കൂട്ടാധിപത്യമാണ്. താരങ്ങളോടോ താരരാജാക്കന്മാരോടോ ഉള്ള വിയോജിപ്പുകൾ മാന്യമായി രേഖപ്പെടുത്താം. എന്നാൽ നിലപാടുകളുടെ പേരിൽ അവരുടെ വ്യക്തിത്വത്തെ തകർക്കാൻ ശ്രമിക്കുന്നത് തികഞ്ഞ സംസ്കാരശൂന്യതയാണ്. താരങ്ങളെക്കാൾ ഉപരി അവരെ മനുഷ്യരായി കാണാനും, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുമുള്ള പാകത നമ്മൾ എന്ന് കൈവരിക്കുന്നുവോ, അന്ന് മാത്രമേ നമ്മുടെ സൈബർ ഇടങ്ങൾ ആരോഗ്യകരമാകൂ.
ALSO READ:
- Law And Order Review: കാരിക്കാമുറി ഷണ്മുഖന്റെ രണ്ടാം വരവ് കസറിയോ
- പീക്ക് അഡ്രിനാലിൻ റഷ്: 3 വർഷങ്ങൾക്കിപ്പുറം ഡിക്യുവിന്റെ മോളിവുഡ് റിട്ടേൺ ( Im Game Review)
- ഓണം നിവിൻ തൂക്കിയോ?: ‘ബത്ലേഹം കുടുംബ യൂണിറ്റ്’ റിവ്യൂ വായിക്കാം…
English Summary: The article critiques the ongoing cyber attacks against actor Mammootty, comparing them to past trolling faced by Mohanlal. It emphasizes respecting an actor’s individual freedom and separating their personal choices or political views from their onscreen artistry, as individual actions do not dictate broader socio-political ideologies.

