Published: Sunday, 3 May 2026, at 3:23 pm | Dubai | Edited: Sunday, 3 May 2026, at 4:23 pm
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി (Kerala Assembly Election Result 2026). ഉദ്വേഗം നിറഞ്ഞ 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്തിന്റെ ജനവിധി നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. കേരളം ആര് ഭരിക്കണമെന്ന മലയാളികളുടെ അന്തിമ തീരുമാനം പുറത്തുവരുമ്പോൾ അത് ഭരണത്തുടർച്ചയാണോ അതോ ഭരണമാറ്റമാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും.
അടുത്ത മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ വടംവലി; ലീഗിന്റെ പിന്തുണ ആർക്ക്?
മുന്നണികൾ പ്രതീക്ഷയുടെ കൊടുമുടിയിൽ
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്. ഭരണത്തുടർച്ച എന്ന ചരിത്രനേട്ടം ലക്ഷ്യമിട്ട് എൽഡിഎഫും, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാനായി യുഡിഎഫും കരുതലോടെ കാത്തിരിക്കുന്നു. സംസ്ഥാനത്ത് നിർണായക ശക്തിയായി മാറണമെന്ന പ്രത്യാശയോടെയാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ കാത്തിരിപ്പ്.
പരാജയപ്പെട്ടാൽ രാജ്യത്തെ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം മാറും എന്നതിനാൽ സിപിഎമ്മിന് ഈ പോരാട്ടം അതിജീവനത്തിന്റേതാണ്. മറുവശത്ത്, തുടർച്ചയായി പത്ത് വർഷം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംവിധാനത്തിന്റെ നിലനിൽപ്പിനെത്തന്നെ അത് ബാധിച്ചേക്കാം.
യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ കനത്ത വിജയത്തിന്റെ തുടർച്ച ഇത്തവണ ഉണ്ടാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
- 80 മുതൽ 85 വരെ സീറ്റുകൾ നേടി ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു.
- തരംഗമുണ്ടായാൽ സീറ്റുകൾ 95 കടക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
- മലപ്പുറം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിൽ വലിയ മുന്നേറ്റമാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
- മുസ്ലിം ലീഗിന്റെ കണക്കുകൾ പ്രകാരം 79 മുതൽ 84 വരെ സീറ്റുകൾ യുഡിഎഫ് നേടും.
എക്സിറ്റ് പോളുകൾ നൽകിയ അനുകൂല സൂചനകൾ പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.
എൽഡിഎഫ് ഉറപ്പിക്കുന്ന ഭരണത്തുടർച്ച

എക്സിറ്റ് പോളുകളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പ്രവചനങ്ങളെക്കാൾ കൂടുതൽ സീറ്റുകൾ കിട്ടിയത് പോലെ ഇത്തവണയും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് അവർ വിശ്വസിക്കുന്നു.
75 സീറ്റുകൾ വരെ കിട്ടുമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിൽ 61 സീറ്റുകളിൽ ഉറച്ച വിജയവും 14 സീറ്റുകളിൽ മേൽക്കൈയും അവർ പ്രതീക്ഷിക്കുന്നു. തൃശൂർ, പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകൾ ഇടതുപക്ഷത്തെ തുണയ്ക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഒരു വട്ടം കൂടി അധികാരത്തിൽ എത്തിയാൽ അത് കേരള രാഷ്ട്രീയത്തിലെ തന്നെ പുതിയൊരു ചരിത്രമാകുമെന്ന ബോധ്യത്തിലാണ് പ്രവർത്തകർ.
എൻഡിഎയുടെ അട്ടിമറി പ്രതീക്ഷകൾ

കേരളത്തിൽ ചില മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. പ്രധാനമായും നാല് മണ്ഡലങ്ങളിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്. നേമം, കഴക്കൂട്ടം, പാലക്കാട്, ചാത്തന്നൂർ സീറ്റുകളിൽ ഇത്തവണ വിജയിക്കാനാകുമെന്ന് അവർ വിശ്വസിക്കുന്നു. പല മണ്ഡലങ്ങളിലും മുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാൻ കഴിയുന്നത് വലിയ നേട്ടമായി ബിജെപി കാണുന്നു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ശതമാനത്തിൽ ഇത്തവണ വർദ്ധനവുണ്ടാകുമെന്നും അത് ഫലത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും അവർ കരുതുന്നു.
വോട്ടെണ്ണൽ ഒരുക്കങ്ങൾ ഇങ്ങനെ
നാളെ രാവിലെ 8 മണി മുതൽ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. 15,000 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിനും പ്രത്യേക വോട്ടെണ്ണൽ ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്.
ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. എട്ടേകാലോടെ തന്നെ ആദ്യ സൂചനകൾ ലഭ്യമായി തുടങ്ങും. എട്ടരയോടെ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒരു ഹാളിനുള്ളിൽ 12 മുതൽ 14 വരെ ടേബിളുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം ഇത്രയും ബൂത്തുകൾ എണ്ണുന്നതിനാൽ ഫലം അതിവേഗം അറിയാൻ സാധിക്കും. ഒമ്പതരയോടെ കേരളത്തിന്റെ കൃത്യമായ രാഷ്ട്രീയ ചായവ് എങ്ങോട്ടാണെന്ന് വ്യക്തമാകും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിൽ ഉച്ചയ്ക്ക് 12 മണിയോടെ മാത്രമേ അന്തിമ വിജയിയെ പ്രഖ്യാപിക്കാൻ സാധിക്കൂ.
രാഷ്ട്രീയ കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ നറുക്കെടുപ്പിന്റെ ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
ALSO READ: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്; വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാം…
ഉപമുഖ്യമന്ത്രി പദം കിട്ടുമോ? ലീഗിന്റെ നിലപാട് ഇങ്ങനെ..
English Summary: The stage is set for the Kerala Assembly Election Result 2026 as counting begins tomorrow at 8 AM. Both LDF and UDF are confident of victory while NDA expects major upsets. With 15,000 officials ready, the final verdict of Kerala’s 140 constituencies will be revealed in a few hours.


ഇന്നത്തെ കേരള ഇന്നത്തെ കേരള: ഇന്നാണ് ഇന്നാണ് ഇന്നാണ് കള്ളന്മാരുടെ ഉറക്കമില്ലാ രാത്രി 😀