Published: Tuesday,14 April 2026, at 06:33 pm| Dubai | Edited: Tuesday,14 April 2026, at 07:33 pm
റിയാദ്: സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ നിരക്കിൽ (Remittance) വലിയ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ (Saudi Remittance Drop). ഈ വർഷം ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് പണമയക്കൽ എത്തിയിരിക്കുന്നത്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട പുതിയ പ്രതിമാസ റിപ്പോർട്ടിലാണ് പ്രവാസികളെയും സാമ്പത്തിക വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.
ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ 14,242 നിയമലംഘകരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ
സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക; പുതിയ മുന്നറിയിപ്പ്; പാലിച്ചില്ലെങ്കിൽ 150 റിയാൽ പിഴ
ഇടിവ് രേഖപ്പെടുത്തിയ കണക്കുകൾ

സൗദി സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ വിദേശികൾ നാട്ടിലേക്ക് അയച്ചത് 1,255 കോടി റിയാലാണ്. 2026 ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏകദേശം 76.8 കോടി റിയാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഏകദേശം ആറ് ശതമാനത്തോളം ഇടിവാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം (2025) ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനത്തിന്റെ കുറവും ഈ വർഷം ദൃശ്യമാണ്. 2024 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തുകയാണിത് എന്നതും ശ്രദ്ധേയമാണ്.
സ്വദേശികളുടെ പണമയക്കലിലും വൻ കുറവ്

പ്രവാസികളുടെ കാര്യത്തിൽ മാത്രമല്ല, സൗദി പൗരന്മാർ വിദേശത്തേക്ക് പണമയക്കുന്നതിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം സ്വദേശികളുടെ പണമയക്കൽ 22 ശതമാനം കുറഞ്ഞ് 486 കോടി റിയാലിലെത്തി. 2026 ജനുവരിയിലെ കണക്കുകളുമായി നോക്കുമ്പോൾ സ്വദേശികളുടെ വിദേശ പണമയക്കലിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തെ നിക്ഷേപങ്ങളോടുള്ള സ്വദേശികളുടെ വർദ്ധിച്ച താൽപ്പര്യമാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്.
ALSO READ: യുഎഇയിൽ വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? പിഴ എങ്ങനെ പരിശോധിക്കാം? ഗൈഡ്
റോഡിലെ ആഘോഷങ്ങൾക്ക് പൂട്ടിട്ട് അബുദാബി പൊലീസ്; നിയമലംഘകർക്ക് 2000 ദിർഹം പിഴയും ശിക്ഷയും
കാരണങ്ങൾ വിലയിരുത്തി സാമ്പത്തിക വിദഗ്ധർ

ആഗോള സാമ്പത്തിക മാറ്റങ്ങളും പ്രാദേശിക വിപണിയിലെ ചലനങ്ങളും ഈ ഇടിവിന് പ്രധാന കാരണമായതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
- ജീവിതച്ചിലവിലെ വർദ്ധനവ്: സൗദിയിലെ താമസ സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ചിലവ് വർദ്ധിക്കുന്നത് പ്രവാസികളുടെ നീക്കിവെക്കാവുന്ന വരുമാനത്തെ (Disposable Income) കുറച്ചിട്ടുണ്ട്.
- നിക്ഷേപ പ്രവണതകൾ: പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിന് പകരം സൗദിക്കകത്തുതന്നെ വിവിധ ബാങ്കിംഗ് നിക്ഷേപങ്ങളിലോ ബിസിനസ്സ് സംരംഭങ്ങളിലോ പണം നിക്ഷേപിക്കാൻ തുടങ്ങിയതും തിരിച്ചടിയായി.
- സ്വദേശിവൽക്കരണവും തൊഴിൽ മാറ്റവും: വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ഉയർന്ന ശമ്പളം വാങ്ങിയിരുന്ന പല പ്രവാസികളും രാജ്യം വിടുകയോ അല്ലെങ്കിൽ കുറഞ്ഞ ശമ്പളമുള്ള ജോലിയിലേക്ക് മാറാൻ നിർബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്.
അമേരിക്ക- ഇറാൻ- ഇസ്രായേൽ സംഘർഷവും ഇതിന്റെ കാരണമായി കരുതപ്പെടുന്നു. ഈ സംഘർഷം ബാധിക്കുന്നത് ഗൾഫ് രാജ്യങ്ങൾക്ക് കൂടിയാണ്. അതിനാൽ അടിയന്തരമായ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ പ്രവാസികൾ പണം നാട്ടിൽ അയക്കാതെ കൈയ്യിൽ സൂക്ഷിച്ച് വെയ്ക്കാൻ സാദ്ധ്യതകൾ ഏറെയാണ്. ഇതും പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ വിമുഖത കാണിച്ച ഘടകമായിരിക്കാം.
പണമയക്കലിലുണ്ടായ ഈ മാറ്റങ്ങൾ വരും മാസങ്ങളിൽ ആഗോളതലത്തിൽ പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദേശ നാണയ ശേഖരത്തെ ബാധിക്കാൻ സാധ്യതയുണ്ട്. സൗദിയിലെ ഈ സാമ്പത്തിക പ്രവണത താൽക്കാലികമാണോ അതോ വരും മാസങ്ങളിലും തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? പ്രതികരണവുമായി അധികൃതർ
English summary: The Saudi Remittance Drop has reached a 15-month low, with expats sending only 12.55 billion Riyals in February. According to the Saudi Central Bank (SAMA), this marks a 6% decrease from January. Both expat and citizen outward transfers have declined due to global economic shifts and rising costs.

