Published: Tuesday,14 April 2026, at 07:26 pm| Dubai | Edited: Tuesday,14 April 2026, at 08:33 pm
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി തീർഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Saudi Hajj Entry Rules).
ഏപ്രിൽ 13 തിങ്കളാഴ്ച പുലർച്ചെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സുരക്ഷാ അധികൃതർ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതാണ് പുതിയ നിയമം.
ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ 14,242 നിയമലംഘകരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ
സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക; പുതിയ മുന്നറിയിപ്പ്; പാലിച്ചില്ലെങ്കിൽ 150 റിയാൽ പിഴ
മക്കയിലേക്ക് പ്രവേശനാനുമതി ഉള്ളവർ

ഹജ്ജ് സീസൺ കഴിയും വരെ മക്കയിലേക്കുള്ള പ്രവേശനം താഴെ പറയുന്ന മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്
- മക്ക ഇഖാമയുള്ളവർ: മക്കയിൽ താമസരേഖയുള്ള വിദേശികൾ.
- ഹജ്ജ് പെർമിറ്റുള്ളവർ: ഈ വർഷത്തെ ഹജ്ജിനായി ഔദ്യോഗിക അനുമതി പത്രം ലഭിച്ചവർ.
- ജോലി പെർമിറ്റുള്ളവർ: വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി ‘അബ്ഷിർ‘ അല്ലെങ്കിൽ ‘മുഖീം’ പോർട്ടൽ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ.
ഉംറ, സന്ദർശക വിസക്കാർക്ക് സമയപരിധി

ഹജ്ജ് ഒരുക്കങ്ങൾ സുഗമമാക്കുന്നതിനായി ഉംറ തീർഥാടകർക്കും സന്ദർശക വിസയിൽ എത്തിയവർക്കും രാജ്യം വിടാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രധാന അറിയിപ്പുകൾ ഇവയാണ്
- മടക്കയാത്ര: ഉംറ വിസയിൽ എത്തിയവർ ഏപ്രിൽ 18-നകം രാജ്യം വിടേണ്ടതുണ്ട്.
- പെർമിറ്റ് നിർത്തിവെച്ചു: സ്വദേശികൾക്കും പ്രവാസികൾക്കുമായി ‘നൂസുക്’ (Nusuk) ആപ്പ് വഴി നൽകിവരുന്ന ഉംറ പെർമിറ്റുകൾ ഏപ്രിൽ 18 മുതൽ മെയ് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു.
- ഹജ്ജ് വിസ നിർബന്ധം: ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയിൽ തുടരാനോ പുതുതായി പ്രവേശിക്കാനോ അനുമതിയുള്ളൂ. ഉംറ, വിസിറ്റ് വിസക്കാർക്ക് ഈ കാലയളവിൽ പ്രവേശന വിലക്കുണ്ടായിരിക്കും.
ALSO READ: യുഎഇയിൽ വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? പിഴ എങ്ങനെ പരിശോധിക്കാം? ഗൈഡ്
റോഡിലെ ആഘോഷങ്ങൾക്ക് പൂട്ടിട്ട് അബുദാബി പൊലീസ്; നിയമലംഘകർക്ക് 2000 ദിർഹം പിഴയും ശിക്ഷയും
നിയമലംഘകർക്ക് കടുത്ത ശിക്ഷ

മക്കയിലെ താമസകേന്ദ്രങ്ങളിൽ ഔദ്യോഗിക പെർമിറ്റില്ലാത്തവരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെയും അവർക്ക് താമസസൗകര്യം ഒരുക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുൽഖഅദ ഒന്ന് (ഏപ്രിൽ 18) മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
തീർഥാടകരുടെ സുരക്ഷിതമായ യാത്രയും കർമ്മങ്ങളും ഉറപ്പാക്കാൻ എല്ലാവരും നിയമങ്ങളോട് സഹകരിക്കണമെന്ന് സൗദി സുരക്ഷാ വിഭാഗം അഭ്യർത്ഥിച്ചു.
ഡിജിറ്റൽ പെർമിറ്റും സുരക്ഷാ പരിശോധനയും
ഇത്തവണ ‘നുസുക്’ (Nusuk) പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന ഡിജിറ്റൽ ഹജ്ജ് കാർഡുകൾ കൈവശമില്ലാത്തവർക്ക് മക്കയിലെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. കൃത്രിമ പെർമിറ്റുകൾ തടയാൻ അതിനൂതനമായ സ്കാനിംഗ് സംവിധാനങ്ങൾ ചെക്ക് പോസ്റ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്കും അവർക്ക് താമസസൗകര്യം നൽകുന്നവർക്കും വൻ തുക പിഴയും നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകളും നേരിടേണ്ടി വരും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഭാഷാപരമായ തടസ്സമില്ലാതെ വിവരങ്ങൾ അറിയാൻ മക്കയുടെ പ്രവേശന കവാടങ്ങളിൽ മൾട്ടി ലിംഗ്വൽ ഹെൽപ്പ് ഡെസ്കുകളും ആരംഭിച്ചു കഴിഞ്ഞു.
സുരക്ഷിതവും സുഗമവുമായ ഒരു തീർഥാടന കാലം ലക്ഷ്യമിട്ടാണ് ഈ മുൻകരുതലുകൾ.
ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? പ്രതികരണവുമായി അധികൃതർ
English summary: Saudi Arabia has implemented strict Saudi Hajj Entry Rules in Makkah starting April 13. Only those with official Hajj permits, Makkah residency, or valid work permits are allowed to enter. Umrah and visit visa holders must leave by April 18 to ensure a smooth pilgrimage season.

