Published: Tuesday, 6 October 2026, at 9:24pm| Dubai | Edited: Tuesday, 6 October 2026, at 9:33pm
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) യുഎഇയിൽ നിന്നുള്ള ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ കീഴിലുള്ള അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തത് വൻ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. മാഗ്നം സ്‌പോർട്‌സിന് കീഴിൽ സാമ്പത്തിക-ഭരണ പ്രതിസന്ധികളിൽ ഉലഞ്ഞ ക്ലബ്ബിന് ഒരു അറബ് ഉടമസ്ഥൻ എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നു എന്നതിൽ സംശയമില്ല.
ഇത് വരെ ഒരു കിരീടം പോലും ഉയർത്താൻ കഴിയാത്ത ദുരവസ്ഥ ഇനി ഭൂതകാലമാകുമെന്നും, കോടികളുടെ ഇൻവെസ്റ്റ്‌മെന്റിലൂടെ മികച്ച താരങ്ങൾ കൊച്ചിയിലെത്തുമെന്നും ആരാധകർ കണക്കുകൂട്ടുന്നു. എന്നാൽ, അറബ് പണം ഒഴുകിയെത്തിയത് കൊണ്ട് മാത്രം ഒരു ക്ലബ്ബ് വിജയകരമാകുമോ എന്ന ചോദ്യം അവിടെത്തന്നെ ബാക്കിയാണ്.
കളിക്കളത്തിലെ വിജയങ്ങൾ നിർണ്ണയിക്കുന്നത് ബാങ്ക് ബാലൻസ് മാത്രമല്ല, അതിന് പിന്നിലെ കൃത്യമായ വിഷൻ കൂടിയാണെന്ന് ആരാധകർ ഈ ആവേശത്തോടൊപ്പം മനസിലാക്കേണ്ടതുണ്ട്.
പണക്കൊഴുപ്പിലെ വിജയ- പരാജയങ്ങൾ: ബ്ലാസ്റ്റേഴ്‌സ് പാഠമാക്കേണ്ടത്…

ലോക ഫുട്ബോളിൽ അറബ് പണം ഇൻവെസ്റ്റ് ചെയ്യപ്പെട്ട ക്ലബ്ബുകളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ നമുക്ക് രണ്ട് വ്യത്യസ്ത ചിത്രങ്ങൾ കാണാനാവും. മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിൽ യുണൈറ്റഡും തങ്ങളുടെ അപാരമായ സാമ്പത്തിക ശക്തിക്കൊപ്പം ദീർഘവീക്ഷണമുള്ള ഭരണസംവിധാനവും കൃത്യമായ സ്പോർട്ടിംഗ് സ്ട്രാറ്റജിയും കൂട്ടിച്ചേർത്തപ്പോൾ മൈതാനത്ത് വിപ്ലവം സൃഷ്ടിച്ചവരാണ്.
എന്നാൽ ശതകോടികളുടെ അറബ് പണം വന്നിട്ടും കൃത്യമായ വിഷനില്ലാതെ പരാജയപ്പെട്ട ക്ലബ്ബുകളും നിരവധിയാണ്. ഇതിൽ പ്രധാനികളാണ് സ്‌പാനിഷ് ക്ലബ്ബായ മലാഗ . ഖത്തർ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുള്ള അൽ താനി ക്ലബ്ബ് വാങ്ങി കോടികൾ ഒഴുക്കിയെങ്കിലും കൃത്യമായ വിഷനില്ലാത്തത് കൊണ്ട് മാത്രം മൂന്നാം ഡിവിഷനിലേക്ക് വരെ തരംതാഴ്ത്തപ്പെട്ട ക്ലബാണ് മലാഗ. അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ..
അറബ് പണത്തിന് ഒട്ടും കുറവില്ലാതിരുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരെ ഒരേസമയം ടീമിലെത്തിച്ചിട്ടും ചാമ്പ്യൻസ് ലീഗ് സ്വപ്നം കാണാൻ മാത്രമേ സാധിച്ചുള്ളൂ. എന്നാൽ ലൂയിസ് എന്ററിക്വെ പരിശീലകനായി എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇൻഡിവിജ്വൽ സൂപ്പർസ്റ്റാറുകൾക്ക് പകരം കൃത്യമായ വിഷനും തന്ത്രത്തിനും പ്രാധാന്യം നൽകിയപ്പോൾ തുടർച്ചയായി രണ്ട് സീസണുകളിൽ അവർ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി.
പണത്തിനൊപ്പം ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം ചേരുമ്പോൾ മാത്രമേ വിജയങ്ങൾ വന്നെത്തൂ എന്ന് ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
അൽ ഫുർസാന്റെ പണവും വെസ്റ്റ്‌വുഡിന്റെ വിഷനും: ബ്ലാസ്റ്റേഴ്സിന് ഇനി വേണ്ടത്

അൽ ഫുർസാൻ ഗ്രൂപ്പിന്റെ വരവോടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പായ ബ്ലാസ്റ്റേഴ്‌സിന് ഇനി വേണ്ടത് കൃത്യമായ വിഷനാണ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള ഒരു മാസ്റ്റർ പ്ലാൻ ക്ലബ്ബ് കെട്ടിപ്പടുക്കേണ്ടതുണ്ട്.
കേവലം പേരെടുത്ത സൂപ്പർ താരങ്ങളെ വാങ്ങി ഗാലറിയെ സന്തോഷിപ്പിക്കുന്നതിന് പകരം, പരിശീലകന്റെ കളിശൈലിക്ക് അനുയോജ്യരായ കളിക്കാരെ കണ്ടെത്തുകയും അക്കാദമി തലത്തിലുള്ള യുവപ്രതിഭകൾക്ക് അവസരം നൽകുകയും വേണം.
എതിരാളികളെ മറികടന്ന് കിരീടമണിയണമെങ്കിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ബുദ്ധിപരമായ നീക്കങ്ങളും പിച്ചിലെ തന്ത്രപരമായ അച്ചടക്കവും അത്യന്താപേക്ഷിതമാണ്. ഷെയ്ഖിന്റെ പണവും വെസ്റ്റ്‌വുഡിന്റെ വിഷനും കൃത്യമായി സംയോജിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലിൽ സ്വന്തമായൊരു സാമ്രാജ്യം പടുത്തുയർത്താൻ സാധിക്കൂ.
ALSO READ: മമ്മൂട്ടി എന്ന മനുഷ്യനും മലയാളി വളർത്തിയെടുത്ത ആൾക്കൂട്ട വിചാരണയും
English Summary: The Kerala Blasters new ownership under UAE’s Al Fursan Group brings financial stability, but money alone cannot guarantee success. strategic vision under coach Ashley Westwood is essential for winning titles and building a sustainable future.

